Your Image Description Your Image Description

ശബരിമലയിൽ ഇന്ന് നേരിയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് (Sabarimala weather update) കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സന്നിധാനം ഉൾപ്പെടെയുള്ള മേഖലകളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ (മണിക്കൂറിൽ 1 സെ.മീ വരെ) ആയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ ഒരു സെന്റീമീറ്റർ വരെയുള്ള മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ ശബരിമല തീർഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകളിൽ വരും ദിവസവും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവിൽ പത്തനംതിട്ട ജില്ലയിൽ മഴയുമായി ബന്ധപ്പെട്ട് അലർട്ടുകൾ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. മഴ മുന്നറിയിപ്പ് തീർത്ഥാടകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

കഴിഞ്ഞ ​ദിവസങ്ങളിലും ശബരിമലയിൽ കാലാവസ്ഥാ മോശമായിരുന്നു. സന്നിധാനത്ത് മഴയെ അവഗണിച്ചാണ് തീർഥാടകർ മല കയറുന്നത്. മഴ പെയ്യുമ്പോഴും ഭൂരിപക്ഷം ഭക്തരും മല കയറുന്ന സാഹചര്യമാണുണ്ടായത്. മഴ അധിക സമയം നീണ്ട്നിൽക്കാത്തത് തീർത്ഥാടകർക്ക് ​ഗുണകരമാണ്.

പമ്പാ നദിയിൽ ഇറങ്ങുന്നവരുടെ ശ്രദ്ധിയ്ക്ക്

* ഇടവിട്ടുള്ള മഴ പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ കാരണമായേക്കാം. അതിനാൽ മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയും കൂടുതലാണ്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

* പമ്പാ നദിയിൽ നീന്താനോ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങാനോ ശ്രമിക്കരുത്. ‌

* പ്രവേശന കവാടത്തിലൂടെ മാത്രമേ കുളിക്കാൻ ഇറങ്ങാവൂ. അല്ലാത്ത സ്ഥലങ്ങളിൽ ചുഴിയും അപകട കെണിയും ഉണ്ടാകും.

* പ്രവേശന കവാടം ഒരുക്കിയ ഭാഗത്ത് അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ, പോലീസ് എന്നിവരുടെ സേവനം ലഭ്യമാണ്. പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *