Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ട മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ പൊലീസ് കാണാതായതിൽ ദുരൂഹതയേറുന്നു. സ്കൂളിൽ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളിൽ മോഷണശ്രമമുണ്ടായത്. അതെതുടർന്നുള്ള പരിശോധനയിലാണ് ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൈറ്റ് പദ്ധതിയിൽ കിട്ടിയ ലാപ്ടോപ്പുകളാണ് അപ്രത്യക്ഷമായത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എട്ട് ലാപ്ടോപ്പുകൾ ഓഫീസിൽ തന്നെയുണ്ടായിരുന്നു. അതെടുക്കാതെ പുതിയവ മാത്രം കാണാതായതിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു.

ലാപ്ടോപ്പുകൾ പൂട്ടിവെച്ചിരുന്ന അലമാരയുടെ താക്കോലും സ്കൂളിൽ തന്നെയുണ്ട്. താക്കോൽ ഉപയോഗിച്ച് തുറന്ന് ഇവ എടുത്തു കൊണ്ടുപോയെന്ന് ആദ്യ പരിശോധനയിൽ തന്നെ പൊലീസിന് ബോധ്യമായി. അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് കൂടൽ പൊലീസ്.

 

Leave a Reply

Your email address will not be published. Required fields are marked *