Your Image Description Your Image Description
Your Image Alt Text

ദോഹ സൂഖ് വാഖിഫിലെ തിരക്കേറിയ തെരുവിനിടയിലാണ് ഏറെ ആകർഷകമായ ആർട്ട് സെന്റർ. ഖത്തറിലെ സ്വദേശികളും പ്രവാസികളുമായ ​പലദേശക്കാരായ കലാകാരന്മാരുടെ കേന്ദ്രമായ സൂഖ് വാഖിഫ് ആർട് സെന്റർ ഇപ്പോൾ വ്യത്യസ്തമായൊരു ചിത്ര പ്രദർശനത്തിലൂടെയാണ് സന്ദർശകരെ ആകർഷിക്കുന്നത്.

‘ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ’ എന്ന് പേരിൽ രണ്ടു ദിവസം മുമ്പ് ആരംഭിച്ച പ്രദർശനം ആ പേര്​ പോലെ കാഴ്ചക്കാരനുമായി രൂക്ഷമായി സംവദിക്കുന്നു. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ അധിനിവേശ സേന ആകാശത്തും കരയിലുമായി തുടരുന്ന ​നിഷ്ഠുര ആക്രമണങ്ങളുടെ എല്ലാ ഭീകരതയും ചെറുത്തു നിൽപുമെല്ലാം പെയിന്റിങ്ങുകളിലൂടെ കുറിച്ച ഒരുകൂട്ടം കലാകാരന്മാരുടെ പ്രതിഷേധമുണ്ടിവിടെ.

ഗസ്സയിലെ ഓരോ കണ്ണീർ ചാലുകളും സൂക്ഷ്മമായി ഒപ്പിയെടുത്ത് അവർ കാൻവാസിലേക്ക് പകർത്തുമ്പോൾ കാഴ്ചക്കാരനുമായി കൃത്യമായ രാഷ്ട്രീയ സംവാദം സൃഷ്ടിക്കുന്നു. സൂഖ് വാഖിഫ് ആർട്ട് സെന്ററിൽ നിന്നുള്ള 28ഓളം കലാകാരന്മാരുടെ തിരഞ്ഞെടുത്ത രചനകളാണ് ഗസ്സക്കും ഫലസ്തീൻ മക്കൾക്കുമുള്ള ഐക്യദാർഢ്യമായി ഇവിടെ പ്രദർശിപ്പിക്കുന്നത്.

കോഴിക്കോട് വടകര സ്വദേശിയും ഖത്തറിലെ കാലകാരന്മാർക്കിടയിൽ ശ്രദ്ധേയനുമായ രജീഷ് കുമാർ മുതൽ വിവിധ രാജ്യക്കാരായ വലിയൊരു സംഘമാണ് തങ്ങളുടെ സർഗസൃഷ്ടിയിലൂടെ ഗസ്സയെ ഒപ്പിയെടുക്കുന്നത്. കരയിലും ആകാശത്തുനിന്നുമായി ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളിൽ എല്ലാം നഷ്ട​മായ ഗസ്സയുടെ സ്വസ്ഥമായൊരു ഭാവിയെയാണ് സർറിയലിസ്റ്റിക് രീതിയിലെ തന്റെ രചനയിൽ രജീഷ് കുമാർ വരച്ചിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *