Your Image Description Your Image Description

കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ അഞ്ച് മാസത്തിനിടെ നടന്നത് മൂന്നുകോടിയിലധികം രൂപയുടെ ഒൺലൈൻ തട്ടിപ്പ്. ഒൺലൈൻ ട്രോഡിംഗ് മുതൽ വ്യാജ അന്വേഷണ ഉദ്യോഗസ്ഥരായി വരെ തട്ടിപ്പ് നടന്നു. പണം നഷ്ടമായവരിൽ ഉയർന്ന വിദ്യാഭ്യാസവും, നല്ല ജോലിയുമുള്ളവരെന്ന് റൂറൽ പൊലീസ് പറയുന്നു. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിലെ കേസിൽ സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ നിന്ന് തടിയൂരാൻ പണം നൽകിയാൽ മതിയെന്ന് പറഞ്ഞ് പറ്റിച്ചാണ് ആലുവ സ്വദേശിയായ മുതിർന്ന പൗരനിൽ നിന്ന് തട്ടിപ്പുസംഘം ഒരു കോടി പതിനഞ്ച് ലക്ഷം രൂപ കവർന്നത്.

വാട്ട്സ്ആപ്പ് കോളിലൂടെ ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് ആണ് തട്ടിപ്പുസംഘം ചാറ്റ് ചെയ്തതെന്ന് എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന വ്യക്തമാക്കി. എഫ്.ഐ.ആറിന്റെയും വാറന്റിന്റേയും കോപ്പിയും കാണിച്ചാണ് തട്ടിപ്പ് സംഘം ആലുവ സ്വദേശിയെ ഭയപ്പെടുത്തിയത്. സെക്യൂരിറ്റി ചെക്കിംഗിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണം എത്രയും വേഗം മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്. മറ്റാരുമായി സംസാരിക്കാനോ, ഇടപെടാനോ അവസരം കൊടുക്കാതെ തന്ത്രപരമായി പറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു.

തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽപെട്ട് പറ്റിക്കപ്പെട്ടവർ ഭൂരിഭാഗവും വലിയ പ്രൊഫൈലുള്ളവരാണ്. അശ്രദ്ധയിലാണ് വലിയ നഷ്ടങ്ങൾ ഇവർക്ക് സംഭവിച്ചതെന്ന് എസ്പി പറഞ്ഞു. ആലുവയിലെ തട്ടിപ്പിന് പിന്നാലെ ഓൺലൈൻ ട്രേഡിംഗിലൂടെ കാലടി സ്വദേശിക്ക് 50 ലക്ഷമാണ് നഷ്ടപ്പെട്ടത്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ പ്രമോട്ടറാണെന്ന് പറഞ്ഞായിരുന്നു സമൂഹ മാധ്യമത്തിലൂടെ ഒരു വിരുതൻ പണം തട്ടിയത്. റൂറൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ 40 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ കഴിഞ്ഞു. കേസിൽ 6 പേർ അറസ്റ്റിലായി.

മറ്റൊരു ആലുവ സ്വദേശിനിക്കും ഓൺ ലൈൻ ട്രേഡിംഗിലൂട 45 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയർന്ന മേഖലയിൽ ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിനിരയായത്. ഇതിൽ അറസ്റ്റിലായത് 3 പേർ. കോതമംഗലം സ്വദേശിക്ക് 33 ലക്ഷവും, ആലുവ സ്വദേശിക്ക് 22 ലക്ഷവും ഒൺലൈൻ വ്യാപാര തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. തട്ടിപ്പ് സംഘങ്ങൾ പുതിയരീതികൾ കണ്ടെത്തുന്നതിനാൽ ജാഗ്രത കൈവിടരുതെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *