Your Image Description Your Image Description

തൃശ്ശൂര്‍: ചാലക്കുടി ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഒറ്റയാന്‍ കബാലി ഗതാഗതം തടസപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മൂന്നര മണിക്കൂറോളമാണ് കാട്ടാന ഗതാഗതം സ്തംഭിപ്പിച്ചത്. ഇന്നലെ രാവിലെ ആറിന് അമ്പലപ്പാറ ഭാഗത്ത് റോഡിലിറങ്ങി നിലയുറപ്പിച്ച കബാലി 9.30 ഓടെയാണ് കാട്ടിലേക്ക് തിരികെ കയറി പോയത്. എണ്ണപ്പന തോട്ടത്തില്‍നിന്നും ഒരു പന റോഡിലേക്ക് കുത്തി മറിച്ചിട്ടാണ് ആന ഗതാഗതം സ്തംഭിപ്പിച്ചത്.

ഈ സമയമത്രയും സഞ്ചാരികളും തോട്ടം തൊഴിലാളികളടക്കമുള്ള യാത്രക്കാരും പെരുവഴിയിലായി. കെ.എസ്.ആര്‍.ടി.സി ബസുകളും, സ്വകാര്യ ബസുകളുമടക്കം അനവധി വാഹനങ്ങളും യാത്രക്കാരും വഴിയില്‍ പെട്ടു. മലക്കപ്പാറയില്‍ തടി കയറ്റിവന്ന ലോറിയാണ് റോഡിലിറങ്ങിയ കബാലി ആദ്യം തടഞ്ഞിട്ടത്. വാഹനം മുന്നോട്ടെടുക്കാന്‍ പലതവണ ശ്രിച്ചെങ്കിലും കബാലി ലോറിക്കരികിലേക്ക് പാഞ്ഞടുത്തു. ഇതോടെ ലോറി ഡ്രൈവർ വാഹനം നിർത്തി.

പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കബാലിയെ മാസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് കാടുകയറ്റിവിട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് വീണ്ടും മലക്കപ്പാറ മേഖലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അടുത്തിടെ വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി തവണയാണ് കബാലി വാഹനങ്ങള്‍ക്ക് നേരെ ആക്രമിക്കാനോടി എത്തിയിട്ടുള്ളത്. തലനാരിഴ്ക്ക് വലിയ അപകടങ്ങൾ ഒഴിവായിട്ടുണ്ട്. വീണ്ടും ജനവാസ മേഖലകളിലേക്കും റോഡിലേക്കും ആന ഇറങ്ങിയതോടെ, കബാലിയുടെ ശല്യം ഒഴിവാക്കാന്‍ സർക്കാരും വനം വകുപ്പും നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *