Your Image Description Your Image Description

എഫ്എംസിജി ബിസിനസ് രംഗത്ത് സജീവമാകാനൊരുങ്ങി പതഞ്ജലി ഫുഡ്സ്. ഇതിന്റെ ഭാഗമായി മാതൃ കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ ഉടമസ്ഥതയിലുള്ള ഹോം, പേഴ്‌സണൽ കെയർ ബിസിനസ്സ് വാങ്ങുന്നതിന് പതഞ്ജലി ഫുഡ്സ് തീരുമാനിച്ചു. 1100 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ഇന്ന് ഓഹരി വിപണി തുറന്ന ഉടൻ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികൾ ബിഎസ്ഇയിൽ നാല് ശതമാനം ഉയർന്ന് 1769.15 രൂപയിലെത്തി. പതഞ്ജലി ആയുർവേദ് നടത്തുന്ന മുഴുവൻ ഭക്ഷ്യേതര ബിസിനസ് സ്ഥാപനങ്ങളുടെയും ഏറ്റെടുക്കലിന് ബോർഡ് അംഗീകാരം നൽകിയതായി പതഞ്ജലി ഫുഡ്സ് വ്യക്തമാക്കി. പതഞ്ജലി ആയുർവേദിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരമുദ്രകളും അനുബന്ധ ബൗദ്ധിക സ്വത്തവകാശങ്ങളും ഉപയോഗിക്കാൻ പതഞ്ജലി ഫുഡ്‌സിനെ അനുവദിച്ചുകൊണ്ട് ലൈസൻസിംഗ് കരാറിൽ ഏർപ്പെടാനും ഇരു കമ്പനികളും സമ്മതിച്ചിട്ടുണ്ട്

പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ (പിഎഎൽ) ഹോം & പേഴ്സണൽ കെയർ ബിസിനസ്സിന് നിലവിൽ ഇന്ത്യയിലെ എഫ്എംസിജി മേഖലയിൽ ശക്തമായ ബ്രാൻഡ് മൂല്യമുണ്ട്. നിലവിൽ, പതഞ്ജലി ആയുർവേദയുടെ ഭക്ഷ്യേതര ബിസിനസ്സ് വിഭാഗം ദന്ത സംരക്ഷണം, ചർമ്മ സംരക്ഷണം, ഹോം കെയർ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയാണ് വിൽപന നടത്തുന്നത്.

പതഞ്ജലി ഫുഡ്‌സിൽ പതഞ്ജലി ആയുർവേദയ്ക്ക് 32.4 ശതമാനം ഓഹരിയുണ്ട് . നേരത്തെ രുചി സോയ ഇൻഡസ്ട്രീസ് എന്നറിയപ്പെട്ടിരുന്ന ഭക്ഷ്യ എണ്ണ നിർമ്മാണ കമ്പനിയെ പതഞ്ജലി ഏറ്റെടുത്ത ശേഷമാണ് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്ന പേരാക്കി മാറ്റിയത് .

ഓഹരി വിപണി റെഗുലേറ്റർ പതഞ്ജലി ഫുഡ്സിനെ നിരീക്ഷിക്കുന്ന സമയത്താണ് ഈ ഏറ്റെടുക്കൽ നടന്നത്. പതഞ്ജലി ഫുഡ്‌സ് ഇതിനകം പതഞ്ജലി ആയുർവേദിൽ നിന്ന് നിരവധി ബിസിനസുകൾ വാങ്ങിയിട്ടുണ്ട്, 2021 മെയ് മാസത്തിൽ ബിസ്‌ക്കറ്റ് ബിസിനസ്സ് 60.03 കോടി രൂപയ്ക്കും, നൂഡിൽസ് ബിസിനസ്സ് 2021 ജൂണിൽ 3.50 കോടി രൂപയ്ക്കും, വാങ്ങിയിരുന്നു. 2022 മെയ് മാസത്തിൽ 690 കോടി രൂപയുടെ ഭക്ഷണ ബിസിനസ്സും പതഞ്ജലി ഫുഡ്സ് ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *