Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാട് കടുപ്പിച്ചു ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ഡൽഹിയിലെത്തി. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെ പിൻഗാമിയാരെന്ന ചർച്ചകൾ സജീവമായിരുന്നു. ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം പറഞ്ഞത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ പേരാണ്. രാഹുലാകട്ടെ പാലക്കാട്‌ കേന്ദ്രീകരിച്ചു ചില പ്രവർത്തനങ്ങൾ തുടങ്ങി വെക്കുകയും ചെയ്തു. എന്നാൽ കെട്ടിയിറക്കുന്ന സ്ഥനാർഥികൾ ജില്ലയിൽ വേണ്ടെന്ന നിലപാടിലാണ് പാലക്കാട്‌ ഡിസിസി നേതൃത്വം. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്. ‌‌

വികെ ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ മുതലായ നേതാക്കൾ മുന്നോട്ട് വെച്ചത് വിടി ബൽറാം, ഡോ പി സരിൻ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെസി വേണു ഗോപാലിനെ കാണാൻ സരിൻ ഡൽഹിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റിൽ ആരെ നിർത്തണമെന്നത് കോൺഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്. ചലഞ്ചേറ്റെടുത്ത് വടകരക്ക് വണ്ടി കയറിയ ഷാഫിക്ക് പിൻഗാമിയെ നിർദ്ദേശിക്കുന്നതിൽ മുൻ തൂക്കമുണ്ട്. എന്നാൽ സീറ്റിന്റെ കാര്യത്തിൽ കൂടുതൽ നേതാക്കൾ ഹൈക്കമാന്റിനെ സമീപിച്ചതോടെ ഡൽഹിയിലെ തീരുമാനം നിർണ്ണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *