Your Image Description Your Image Description

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്.

മൂന്നിന് 12 എന്ന നിലയിലാണ് ഓസീസ് നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ഉസ്മാന്‍ ഖവാജയെ (4) നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ മാത്രമാണ് ഖവാജ കൂട്ടിചേര്‍ത്തത്, റിഷഭ് പന്തിന് ക്യാച്ച്. പിന്നാലെ സ്റ്റീവന്‍ സ്മിത്തും (17) മടങ്ങി. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ഹെഡിനൊപ്പം 62 റണ്‍സ് ചേര്‍ത്താണ് സ്മിത്ത് മടങ്ങുന്നത്. തുടര്‍ന്ന് ഹെഡ് – മിച്ചല്‍ മാര്‍ഷ് (47) സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഹെഡിനെ പുറത്താക്കി ക്യാപ്റ്റന്‍ ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 101 പന്തുകല്‍ നേരിട്ട ഹെഡ് എട്ട് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്ന് മാര്‍ഷിനെ നിതീഷ് കുമാര്‍ റെഡ്ഡി ബൗള്‍ഡാക്കി. പിന്നീടെല്ലാം പെട്ടന്നായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (12), നതാന്‍ ലിയോണ്‍ (0) എന്നിവരെ വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കി. അലക്‌സ് ക്യാരി (36) ഹര്‍ഷിത് റാണ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. കഴിഞ്ഞ ദിവസം അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനെയെ (0) പിച്ചിലെ അപ്രവചനീയ ബൗണ്‍സ് മുതലെടുത്ത ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *