Your Image Description Your Image Description

 

ഐഫോണുകളിൽ ‘മെറ്റ എഐ’ സേവനം ലഭ്യമാകില്ല. ലാമ എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനുള്ള മെറ്റയുടെ ഓഫർ ആപ്പിൾ തള്ളിയതായാണ് റിപ്പോർട്ടുകൾ. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും നേരത്തെ തന്നെ ചർച്ച ചെയ്തിട്ടുണ്ട്. അതേസമയം സ്വകാര്യത സംബന്ധിച്ച ആശങ്കകളാണ് കരാർ വരെ എത്തുന്നതിൽ നിന്ന് ആപ്പിളിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.

ആപ്പിളിൻറെ കർശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേർന്നുപോകില്ലെന്ന് കണ്ടെത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് (WWDC) 2024ൽ, ‘ആപ്പിൾ ഇൻറലിജൻസ്’ എന്ന ബാനറിൽ ആപ്പിൾ അതിൻറെ എഐ ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ മെറ്റ പ്ലാറ്റ്ഫോമുകളിൽ മെറ്റ എഐ ഇന്ത്യയിൽ എത്തിയത്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നത്. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും. മെറ്റ എഐയിലെ ടെക്‌സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റൻറുമായി സംസാരിക്കാം. ഒരു യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ ഇതിനോട് അഭിപ്രായവും ചോദിക്കാം. ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *