Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോയ്ക്കുപിന്നാലെ മെയ്‌ൻ സ്റ്റേറ്റിലും മത്സരിക്കുന്നതിൽനിന്ന് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക്. മെയ്നിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പിനുള്ള ബാലറ്റിൽനിന്ന് ട്രംപിന്റെ പേര് നീക്കംചെയ്തു. 2021-ലെ കാപിറ്റോൾ കലാപത്തിലുള്ള ട്രംപിന്റെ പങ്കാണ് അയോഗ്യതയ്ക്കുകാരണം.

കൊളറാഡോയിലെ വിധി ചൂണ്ടിക്കാട്ടി മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെലോസാണ് ഭരണഘടനാപ്രകാരം ബാലറ്റിൽനിന്ന് ട്രംപിനെ നീക്കംചെയ്യുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ മൂന്നാംവകുപ്പുപ്രകാരം ഏകപക്ഷീയമായ തീരുമാനമെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായി ബെലോസ് മാറി. ഭരണഘടനയനുസരിക്കാമെന്ന് പ്രതിജ്ഞചെയ്തിട്ട് കലാപം നടത്തുന്നവരെ ഭാവിയിൽ അധികാരസ്ഥാനങ്ങളിൽനിന്ന് വിലക്കാൻ വ്യവസ്ഥചെയ്യുന്ന വകുപ്പാണിത്. യു.എസ്. പരമോന്നതകോടതിയുടെ വിധിവരുംവരെ തന്റെ ഉത്തരവ് ബെലോസ് സ്റ്റേ ചെയ്തിട്ടുണ്ട്.

ജനുവരി ആറിന്റെ കാപിറ്റോൾ കലാപത്തിൽ പങ്കാളിയായ ട്രംപിന് ഭരണഘടനാസ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ അവകാശമില്ലെന്ന് 34 പേജുള്ള വിധിയിൽ ബെലോസ് നിരീക്ഷിച്ചു. സംസ്ഥാനത്തെ ചില വോട്ടർമാരും മുൻ ജനപ്രതിനിധികളും ട്രംപിന്റെ സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്തതോടെയാണ് തീരുമാനം. മാർച്ച് അഞ്ചിനാണ് മെയ്‌നിൽ പ്രൈമറി. തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പുപ്രചാരണസംഘം അറിയിച്ചു.

2024 നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത കല്പിക്കുന്നത് ട്രംപിനാണ്. അതിനുമുന്നോടിയായുള്ള ഉൾപ്പാർട്ടി തിരഞ്ഞെടുപ്പുകളാണ് പ്രൈമറി. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റ സംസ്ഥാനങ്ങളാണ് െമയ്നും കൊളറാഡോയും. എന്നാൽ, ഇവിടങ്ങളിലെ വിധിയുടെ ചുവടുപിടിച്ച് മറ്റുകോടതികളും നിലപാടെടുത്താൽ, ട്രംപിന്റെ കാര്യം പരുങ്ങലിലാകും. മിനസോട്ട, അരിസോണ, വാഷിങ്ടൺ, ഫ്ലോറിഡ, ന്യൂഹംഷയർ തുടങ്ങിയ സംസ്ഥാനങ്ങളിലും 14-ാം ഭരണഘടനാഭേദഗതി ഉയർത്തിക്കാട്ടി ട്രംപിന്റെ പേരിൽ കേസുണ്ട്.

2020-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ ജയം അംഗീകരിക്കാതിരുന്ന ട്രംപ് അണികൾ 2021 ജനുവരി ആറിന് യു.എസ്. പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ഇരച്ചുകയറി അക്രമം നടത്തിയതാണ് പുലിവാലായത്.

Leave a Reply

Your email address will not be published. Required fields are marked *