Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അതിഥി തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. നിലമ്പൂർ തണ്ടുപാറക്കൽ ബിനു എന്നയാളെയാണ് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗാൾ സ്വദേശിയും താമരശേരി പി.സി മുക്കിലെ താമസക്കാരനുമായ നാജ്മി ആലം എന്ന 19കാരനെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ബന്ദിയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

പരാതിയിൽ പറയുന്നത് ഇങ്ങനെ: ”കഴിഞ്ഞദിവസം രാവിലെ 7.30ഓടെയാണ് നാജ്മിയെ ബിനു തന്റെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചത്. എന്നാൽ പിന്നീട് ഇയാളുടെ ഭാവം മാറി. കൈവശമുണ്ടായിരുന്ന തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നാജ്മിയോട് ബൈക്കിൽ തന്റെ കൂടെ വരാൻ ബിനു നിർബന്ധിച്ചു. തുടർന്ന് താമരശേരി – മുക്കം റോഡിലൂടെ ഇയാളുമായി ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിർത്തി. തിരികെ എത്തിയപ്പോൾ ഒരു കവറിൽ ആറ് ലക്ഷത്തിൽ അധികം രൂപയുണ്ടായിരുന്നു. ഈ തുക നാജ്മിയുടെ കൈവശം ഏൽപ്പിച്ചു. അവിടെ നിന്ന് വീണ്ടും ഒരു മണിക്കൂറോളം യാത്ര ചെയ്ത ശേഷം തുക ഒരു യുവതിയെ ഏൽപ്പിച്ചു. പിന്നീട് ഒരു ബാറിലെത്തി മദ്യപിക്കാൻ നിർബന്ധിച്ചു. ഈ സമയത്തെല്ലാം ബിനുവിന്റെ അരയിൽ തോക്ക് ഉണ്ടായിരുന്നു.”

”ഇവിടെ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ബാറിലെത്തി വീണ്ടും മദ്യപിച്ചു. ഇവിടെ നിന്ന് രണ്ടു കുപ്പി മദ്യം വാങ്ങി താമരശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ തിരിച്ചെത്തി. അവിടെ വച്ച് വീണ്ടും തോക്ക് ചൂണ്ടി കിഡ്നാപ്പ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞു. ശേഷം തന്റെ ഫോണിൽ നിന്ന് നാജ്മിയുടെ സുഹൃത്തിനെ വിളിപ്പിച്ചു. താൻ തിരിച്ചെത്തില്ലെന്ന് തന്നെ കൊണ്ട് പറയിപ്പിച്ചതായും നാജ്മി പറഞ്ഞു. പിന്നീട് കൈയും മുഖവും കെട്ടി റൂമിൽ നിലത്തിട്ടു. ഇവിടെ നിന്നും ഫോണിൽ കാൽ വിരൽ ഉപയോഗിച്ച് ലൊക്കേഷൻ സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു.”

വിവരം അറിഞ്ഞ് സുഹൃത്തുക്കൾ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് താമരശേരി പൊലീസ് എത്തിയാണ് നാജ്മിയെ മോചിപ്പിച്ചത്. ഇതേ ക്വാർട്ടേഴ്സിൽ നിന്ന് തന്നെ ബിനുവിനെ പിടികൂടുകയും ചെയ്തു. താമരശേരി ഇൻസ്പെക്ടർ ഒ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *