Your Image Description Your Image Description

കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോയ്ക്ക് 25000 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്.

ശനിയാഴ്ചയാണ് രാഹുൽ ഡിഗൽ നാട്ടിലെത്തിയത്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കച്ചവടം. അതിഥി തൊഴിലാളികൾക്കിടയിലാണ് പ്രധാനമായി വിൽപ്പന നടത്തിവന്നിരുന്നത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവർ നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം മാറമ്പിള്ളിയിൽ നിന്ന് 16 കിലോ കഞ്ചാവും, ജൂൺ മാസത്തിൽ മുടിക്കലിൽ നിന്നും അഞ്ചരക്കിലോ കഞ്ചാവും, കഴിഞ്ഞ ദിവസം മാറമ്പിള്ളി പാലത്തിന് സമീപത്ത് നിന്ന് ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെയും, ഒരു മൂർഷിദാബാദ് സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ എ എസ് പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം കെ രാജേഷ്, എ എസ് ഐ പി എ അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ, കെ എ അഫ്സൽ, ബെന്നി ഐസക്ക്, എം കെ നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *