Your Image Description Your Image Description

 

സെൻറ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യൻമാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം. തോൽവി ഓസീസിൻറെ സെമി സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. ഇന്ത്യൻ സമയം രാത്രി എട്ടിന് സെൻറ് ലൂസിയയിലെ ഡാരൻ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഡിസ്നി+ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴ കളിമുടക്കിയാൽ ഇന്ത്യ സെമിയിലെത്തും.

സൂപ്പർ 8ലെ നിർണായക മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ മികച്ച ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കരുത്തരായ ഓസീസിനെ തോൽപിച്ച് സെമിയുറപ്പിക്കുന്നത് ടീമിൻറെ ആത്മവിശ്വാസവും വർധിപ്പിക്കുമെന്നുറപ്പ്. അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിലാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെയിറങ്ങുന്നത്. തോൽവി കങ്കാരുക്കളുടെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിപ്പിക്കുമെന്നതിനാൽ ടീം ഇന്ത്യ കരുതിയിരുന്നേ തീരു.

ടൂർണമെൻറിലാകെ ശരാശരി പ്രകടനം നടത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ബാറ്റർമാരേക്കാൾ ബൗളർമാരാണ് ഇന്ത്യയ്ക്കായി തിളങ്ങുന്നത്. ബംഗ്ലദേശിനെതിരെ ടീം സ്കോർ ഇരുന്നൂറിനടുത്തെത്തിയത് ടീമിന് പ്രതീക്ഷയാണ്. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും അതിവേഗ ഇന്നിങ്സുകളുമായി തിളങ്ങുന്നുണ്ടെങ്കിലും കുറച്ചുകൂടി ക്രീസിലുണ്ടെങ്കിലെന്ന് ആഗ്രഹിക്കുകയാണ് ആരാധകർ. റൺസ് കണ്ടെത്തി തുടങ്ങിയ പണ്ഡ്യയും ശിവം ദുബെയും ടീമിന് പ്രതീക്ഷയാണ്.

രണ്ട് ഹാട്രിക്കുകളുമായി ഫോമിലുള്ള കമിൻസിനെയും ഹേസൽവുഡിനെയും നേരിടാൻ കരുതിയിരിക്കണം ഇന്ത്യൻ ബാറ്റർമാർ. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡുള്ള ആദം സാംപയും ഓസീസിൻറെ പ്രതീക്ഷയാണ്. ബാറ്റിങ്ങിൽ മാക്സ്‍വെൽ ഫോമിലായതാണ് ഓസ്ട്രേലിയയുടെ വലിയ പ്രതീക്ഷ. ഐപിഎല്ലിൽ തകർത്തടിച്ച ട്രാവിസ് ഹെഡിന് ലോകകപ്പിൽ പക്ഷേ മികച്ച പ്രകടനം തുടരാനായിട്ടില്ല.

പക്ഷേ ഇന്ത്യയ്ക്കെതിരെ ഹെഡിൻറെ റെക്കോർഡ് ടീമിന് പ്രതീക്ഷയാണ്. നിർണായക വിക്കറ്റുകളെടുക്കുന്ന, ബൗണ്ടറികൾ നൽകാത്ത ബുമ്രയുടെ നാലോവറിലാണ് ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷ. കറക്കി വീഴ്ത്താൻ കുൽദീപും അക്സറും ജഡേജയും തയാർ. ഒപ്പത്തിനൊപ്പം നിൽക്കുന്ന വമ്പൻമാരുടെ പോരാട്ടമാണെന്നതിനാൽ ടി20 ലോകകപ്പ് ഇന്ന് ഹൈവോൾട്ടേജിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *