Your Image Description Your Image Description

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക.മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പോസ്റ്റു മായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും വിമര്‍ശിക്കുന്നു.

മുസ്ലീം ലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപെട്ടുവെന്നും ഒരു വിഭാഗത്തിന്‍റെ പിന്തുണക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പി ആർ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടി കിട്ടുമെന്ന് കരുതിയാണ് ഇപ്പോൾ വാർഡുകൾ വെട്ടി കീറുന്നത്. വീണ്ടും തോറ്റാൽ സി പി എമ്മിനെ കാണാൻ മ്യൂസിയത്തിൽ തിരയേണ്ടി വരുമെന്ന് നേതാക്കൾ പോലും പറയുന്നു.

സി പി എമ്മിലെ ഈഴവ വോട്ടുകൾ സംഘപരിവാരത്തിലേക്ക് ഹോൾസെയിലായി എത്തിക്കുന്ന പാലമാണ് വെള്ളാപ്പള്ളി. നവോത്ഥാന മതിൽ കെട്ടാൻ കരാർ നൽകിയ പിണറായിയും പാർട്ടിയും ഇപ്പോഴും ഇത് തിരിച്ചറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയിലേക്ക് വിമർശനം ഉയർന്നപ്പോൾ ന്യായീകരണം ചമക്കാൻ എം വി ഗോവിന്ദൻ പാടുപ്പെട്ടുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നേരത്തെ മുസ്ലീം ലീഗിനെ വിമര്‍ശിച്ച് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ചന്ദ്രിക ദിനപത്രത്തിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ അതിരൂക്ഷമായി ലീഗ് വിമര്‍ശിക്കുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *