Your Image Description Your Image Description

കോഴിക്കോട്: പെട്രോള്‍ പമ്പിലുണ്ടാകുമായിരുന്ന വലിയ ദുരന്തം തന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ 19കാരനായ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന ആദരിച്ചു. മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ബംഗാള്‍ ഹൗറ സ്വദേശി മുജാഹിദിനെയാണ് ആദരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന വാഹനത്തില്‍ നിന്ന് തീ പടര്‍ന്നത്. തൊട്ടടുത്തുണ്ടായിരുന്ന വാഹന ഡ്രൈവറും മറ്റൊരു തൊഴിലാളിയും ഭയചകിതരായി നോക്കി നില്‍ക്കെ മുജാഹിദ് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. യഥാസമയം ആത്മധൈര്യത്തോടെ തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മുജാഹിദിന് മുക്കം ഫയര്‍ സ്റ്റേഷന്റെ ഉപഹാരം സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ കൈമാറി.

ചടങ്ങില്‍ മുക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അരുണ ടീച്ചര്‍ പൊന്നാടയണിയിച്ചു. പമ്പ് ഉടമ എന്‍.കെ. ലിനീഷ് കുഞ്ഞാലി 5000 രൂപ പാരിതോഷികവും സമ്മാനിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ജി. മധു, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി. അബ്ദുല്‍ ഷുക്കൂര്‍, മുന്‍ ഫയര്‍ ഓഫീസര്‍ നടുത്തൊടികയില്‍ വിജയന്‍, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. തിലക്, അനില്‍ കുമാര്‍, കാരശ്ശേരി ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന്‍, പി.എം. ബാബു, കെ.പി. അജീഷ്, സി.എഫ്. ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *