Your Image Description Your Image Description

 

സെന്റ് ലൂസിയ: ടി20 ലോകകപ്പിന്റെ സെമി ഫൈനലിന് ഒരുപടി അടുത്തെത്തി ദക്ഷിണാഫ്രിക്ക. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിക്ക് അരികിലെത്തുന്നത്. 164 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ചത്. ക്വിന്റൺ ഡി കോക്കിന്റെ (38 പന്തിൽ 65) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലർ 28 പന്തിൽ 43 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനാണ് സാധിച്ചത്. ഹാരി ബ്രൂക്ക് 37 പന്തിൽ 53 റൺസെടുത്ത് പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

തുടക്കം മുതൽ താളം കണ്ടെത്താൻ ഇംഗ്ലണ്ട് താരങ്ങൾക്കായില്ല. ഫിലിപ് സാൾട്ട് (11), ജോസ് ബട്‌ലർ (17), ജോണി ബെയർസ്‌റ്റോ (16), മൊയീൻ അലി (9) എന്നിവർക്ക് തിളങ്ങാനായില്ല. ഇതോടെ 10.2 ഓവറിൽ നാലിന് 61 എന്ന നിലയിലായി. എന്നാൽ ബ്രൂക്ക് – ലിയാം ലിവിംഗ്‌സ്റ്റൺ (33) സഖ്യം 78 റൺസ് കൂട്ടിചേർത്തു. എന്നാൽ ലിവിംഗ്‌സ്റ്റണെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്ക ബ്രേക്ക് ത്രൂ നൽകി. അവസാന ഓവറിൽ ബ്രൂക്കിനെ തകർപ്പൻ ക്യാച്ചിലൂടെ എയ്ഡൻ മാർക്രം പുറത്താക്കിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. സാം കറൻ (10), ജോഫ്ര ആർച്ചർ (1) എന്നിവർ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, റീസ ഹെൻഡ്രിക്സ് (19 പന്തിൽ 25) താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ റീസ – ഡി കോക്ക് സഖ്യം 86 റൺസ് കൂട്ടിചേർത്തു. എന്നാൽ 10-ാം ഓവറിൽ റീസയെ പുറത്താക്കി മൊയീൻ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. 12-ാം ഓവറിൽ ഡി കോക്കും മടങ്ങി. നാല് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച് ക്ലാസനും (8) പിന്നീടെത്തിയ എയ്ഡൻ മാർക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.
പിന്നീട് മില്ലറുടെ ഇന്നിംഗ്സാണ് സ്‌കോർ 150 കടത്തിയത്. മാർകോ ജാൻസനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റൺ സ്റ്റബ്സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Leave a Reply

Your email address will not be published. Required fields are marked *