Your Image Description Your Image Description

പരുന്തുംപാറ: ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം. 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനാൽ കയ്യേറ്റം നിർബാധം തുടരുകയാണ്. ഇടുക്കിയിലെ പീരുമേട്, മഞ്ചുമല എന്നീ വില്ലേജുകളിലായി 766 ഏക്കർ ഭൂമിയാണ് റവന്യു വകുപ്പിന് പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 494 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു. ബാക്കി 272 ഏക്കർ സർക്കാർ ഭൂമിയിൽ നിന്നുള്ള 110 ഏക്കറാണ് നഷ്ടപ്പെട്ടത്.

സർവേ നമ്പർ 534-ൽ പെട്ട റവന്യൂ ഭൂമിയിലാണ് കയ്യേറ്റങ്ങളിലധികവും. പട്ടയമുള്ള സ്ഥലത്തിൻറെ ചെറിയൊരു ഭാഗം വാങ്ങിയ ശേഷം സമീപത്തെ റവന്യൂ – വനം ഭൂമി കൈയേറുകയാണ് ചെയ്യുന്നത്. 534 സർവേ നമ്പരിൽ വില്ലേജിലെ മറ്റൊരു ഭാഗത്ത് ലഭിച്ച പട്ടയം ഉപയോഗിച്ചും ഇവിടെ ഭൂമി കൈവശപ്പെടുത്തുന്നുണ്ട്. മൊട്ടക്കുന്നുകളിലെ സർക്കാർ ഭൂമിയിലെല്ലാം കാട്ടുകല്ലുകൾ ഉപയോഗിച്ച് അതിർത്തി തിരിച്ചിട്ടുണ്ട്. പാറയിൽ മണ്ണിട്ട് നികത്തി കരഭൂമിയാണെന്ന് സ്ഥാപിക്കാനുള്ള കുറുക്കുവഴികളും ഇവിടുണ്ട്. അശാസ്ത്രീയമായി കുന്നിടിച്ചുള്ള വൻകിട നിർമ്മാണവും റിസോർട്ട് മാഫിയ ഇവിടെ നടത്തുന്നുണ്ട്.

പരുന്തും പാറയുടെ ടൂറിസം വികസനം മുന്നിൽ കണ്ടാണ് സർക്കാർ ഭൂമിയിലെ വ്യാപക കയ്യേറ്റം. 2022 ൽ കൈയേറ്റം മൂലം പഞ്ചായത്തിൻറെ പദ്ധതി മുടങ്ങിയിരുന്നു. കൂടുതൽ സമയവും മഞ്ഞുമൂടിക്കിടക്കുന്നത് കയ്യേറ്റക്കാർക്ക് ഗുണകരമാണ്. ഭൂമി നഷ്ടപ്പെട്ടെന്ന് റവന്യൂ വകുപ്പ് മാസങ്ങൾക്ക് മുമ്പേ മനസ്സിലാക്കിയിട്ടും നടപടി മാത്രമെടുക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *