Your Image Description Your Image Description

 

തിരുവനന്തപുരം: വിവിധ നൂതന സംരംഭങ്ങളിലൂടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും ജീവിത ശാക്തീകരണ പരിപാടികൾ നടപ്പാക്കി വരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറന്റ് ആർട് സെന്റർ (ഡി.എ.സി), ഭിന്നശേഷിക്കാർക്ക് സ്വന്തമായി വീടുകൾ ഉറപ്പാക്കുന്ന മാജിക്ക് ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. മാജിക്ക് ഹോംസ് നിർമ്മിക്കുന്ന വീടുകളുടെ മോഡൽ ഇന്നലെ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡി.എ.സി രക്ഷാധികാരിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ഡി എ സി ചെയർമാനും കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഐ.എ.എസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടറും കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഹരിരാജ് എം.ആർ, എഞ്ചിനീയർ മനോജ് ഒറ്റപ്പാലം എന്നിവർ പങ്കെടുത്തു.

ഡി.എ.സി യുടെ പുതിയ സംരംഭമായ മാജിക്ക് ഹോംസ് – മേക്കിങ് ആക്‌സസിബിൾ ഗേറ്റിവേയ്‌സ് ഫോർ ഇൻക്ലൂസിവ് കേരള എന്ന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് അവരുടെ ദൈനം ദിന കാര്യങ്ങളുമായി ജീവിതം മുന്നോട്ടു നയിക്കാൻപോന്ന തരത്തിലുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. പരിമിതികളും അതിലൂടെ ഉണ്ടാകുന്ന ദാരിദ്ര്യവും സാമൂഹികതലത്തിൽ ഭിന്നശേഷിക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഇത്തരമൊരു അവസ്ഥയിൽ നിന്ന് മോചനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് വീടുകൾ നിർമ്മിച്ചു നൽകുക എന്ന ചിന്തയിലേയ്ക്ക് ഡി.എ.സിയെ നയിച്ചത്.

ഓരോ ജില്ലയിലും ഒരു വീട് എന്ന തോതിൽ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമ്മിച്ചു കൈമാറും. ഗുണഭോക്താവിന്റെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായി വിദേശ രാജ്യങ്ങളിലേതുപോലെ ഓരോ വീടും നിർമ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിക്ക് അതിനനുയോജ്യമായ രീതിയിലും മട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് അത്തരം സവിശേഷതകളോടുകൂടിയും ശാരീരിക പരിമിതിയുള്ളവർക്ക് അതിനനുസൃതമായ രീതിയിലുമടക്കം എല്ലാ വിഭാഗക്കാരുടെയും അവരുടെ പരിമിതികളെ മാനിച്ചുകൊണ്ടുള്ള സവിശേഷ സൗകര്യങ്ങളോടു കൂടിയായിരിക്കും വീട് നിർമിക്കുക.

കേരളത്തിലെ ഓരോ ജില്ലയിലും ഇത്തരത്തിൽ ഭിന്നശേഷി സൗഹൃദപരമായി നിർമ്മിക്കുന്ന ഒരോ വീടുണ്ടാകും. മാജിക് ഹോംസ് പദ്ധതിക്കു കീഴിൽ നിർമ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകൾ മാതൃകയാക്കി സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകൾക്കും വ്യക്തികൾക്കും ഇതുപോലെയുള്ള വീടുകൾ നിർമിച്ചു നൽകാൻ പ്രചോദനമാകും. മാജിക് ഹോംസ് പദ്ധതിക്ക് കീഴിൽ വീടുകൾ നിർമിക്കുന്നതിനുള്ള ധനസമാഹരണത്തിനായി ഡിഫറന്റ് ആർട് സെന്ററിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അടക്കമുള്ള വിവിധ ഷോകളും മറ്റ് പ്രമുഖ കലാപ്രവർത്തകരുടെ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, ജിജി തോംസൺ ഐ.എ.എസ്, ഹരിരാജ് എം.ആർ, ഗോപിനാഥ് മുതുകാട്, എഞ്ചിനീയർ മനോജ് ഒറ്റപ്പാലം എന്നിവർ മാജിക് ഹോംസ് പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 9447768535, 9446078535 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *