Your Image Description Your Image Description

ന്യൂഡൽഹി: ജൂൺ 18-ന് ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ രൂക്ഷവിമർശിച്ച് കോൺ​ഗ്രസ്. ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചു. മോദി സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ പരാജയത്തിന്റെ ഫലമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

നീറ്റ് യു.ജി.യിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ബിഹാറിലും ഗുജറാത്തിലും വിദ്യാഭ്യാസ മാഫിയ അറസ്റ്റിലായതോടെ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. നീറ്റ് പരീക്ഷ ഇനി എന്നാണ് റദ്ദാക്കപ്പെടുന്നതെന്നും ഖാർ​ഗെ ചോ​ദിച്ചു.

ബി.ജെ.പി സർക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായാണ് ബാധിക്കുന്നതെന്ന് പ്രിയങ്കാ ​ഗാന്ധി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കമോ എന്നും പ്രിയങ്ക ചോദിച്ചു.

ജൂൺ 18 നാണ് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയാണ് ബുധനാഴ്ച രാത്രി റദ്ദാക്കിയത്‌. ഒ.എം.ആർ. പരീക്ഷ നടത്തിയപ്പോൾ അതിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കിയത്‌. തുടർന്ന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു . അതേസമയം നീറ്റ് ക്രമക്കേടുകൾ പുറത്തുവന്നതിന് തൊട്ട് പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്.

Leave a Reply

Your email address will not be published. Required fields are marked *