Your Image Description Your Image Description

യുവാക്കളിൽ ഹൃദയാഘാതം വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾ. 2021 ലെ പുറത്തുവന്ന പഠനങ്ങൾ പ്രകാരം ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണത്തിലെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാൽ യുവാക്കൾക്ക് ഇത് ബാധകമാകുന്നില്ല. പ്രായമായവരിലാണ് ഹൃദയാഘാതം സംഭവിക്കുന്നത് എന്ന് ധാരണ തിരുത്തിക്കൊണ്ട് യുവാക്കളിൽ ഹൃദയാഘാതം വർദ്ധിച്ചു വരികയാണ്. പാരമ്പര്യമായി ലഭിച്ച ഹൃദയരോഗങ്ങള്‍ മൂലവും യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കാം. പാരമ്പര്യമായി കിട്ടുന്ന കൊറോണറി ഹാര്‍ട് ഡിസീസ് വളരെ ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തുകയും മതിയായ ചികിത്സകള്‍ തുടരേണ്ടതുമാണ്.

ഹൃദയാഘാതം വരാന്‍ സാധ്യത കുറവുള്ള വിഭാഗമായി ഡോക്ടര്‍മാര്‍ ഇതുവരെ കരുതിപ്പോരുന്നത് യുവാക്കളെയാണ്. ഈ ഇളവുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള മതിയായ അവബോധം യുവാക്കളില്‍ കുറയുന്നു. യുവാക്കളില്‍ ഹൃദയാഘാതം കൂടിവരുന്ന സാഹചര്യത്തില്‍ അതിനുപിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളാണ് വന്നിരിക്കുന്നത്.

പ്രമേഹമുള്ളവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാള്‍ വളരെയധികം കൂടുതലാണ്. പ്രമേഹത്തോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത വീണ്ടും കൂടുതലാണ്.

അമിതവണ്ണവും പ്രമേഹവും ഒരുപോലെയുള്ള യുവാക്കളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടിയുണ്ടെങ്കില്‍ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത ഒരുപോലെയാണ്.

ശരീരത്തിന്റെ പരിധിയില്‍ക്കവിഞ്ഞ ഭാരവും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അമിതഭാരവും അമിതവണ്ണവും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു.

പുകവലി ശീലം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. പതിനഞ്ചുവയസ്സിനുമുമ്പേ പുകവലിശീലം തുടങ്ങുന്നവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. 10നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഹൃദ്രോഗം മൂലമോ പക്ഷാഘാതം മൂലമോ സംഭവിക്കുന്ന അകാലമരണനിരക്ക് വളരെ കൂടുതലാണ്. എങ്കിലും നാല്‍പത് വയസ്സിനുമുമ്പേ ഒരു വ്യക്തി പുകവലി ശീലം ഉപേക്ഷിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഹൃദയാഘാതം 90 ശതമാനം തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

ലഹരി വസ്തുക്കളുടെ അമിതമായ ഉപയോഗം യുവാക്കളില്‍ വളരെയധികം വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ലഹരി വസ്തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും മരണത്തിലേക്കും നയിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാല്‍, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *