Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിസയുൾപ്പടെ താമസ – തൊഴിൽ നിയമലംഘനത്തിന് പിടിയിലായ ഇതര രാജ്യക്കാരെ കയറ്റി അയക്കുന്നതിന് നടപടി തുടങ്ങി. കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്.

തീപിടുത്തത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്ന് സംഭവദിവസം തന്നെ കുവൈത്ത് ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. പ്രോസിക്യൂഷൻ നിർദേശ പ്രകാരമാണ് 8 പേർ കസ്റ്റഡിയിലായിരിക്കുന്നത്. നരഹത്യ, കുറ്റകരമായ അനാസ്ഥ കുറ്റങ്ങൾ ചുമത്തിയേക്കും. ഒരു കുവൈത്തി പൗരന് പുറമെ, നാല് ഈജിപ്തുകാരും 3 ഇന്ത്യക്കാരും ഉണ്ടെന്നാണ് അറബ് ടൈംസ് റിപ്പോർട്ട്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്.

കഴിഞ്ഞ ദിവസം ഹവല്ലി മേഖലയിൽ കുവൈത്ത് ആഭ്യന്തര – പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സബാ തന്നെ വീണ്ടും നേരിട്ട് സന്ദർശനം നടത്തി. ലാഭം മാത്രം നോക്കിയും തൊഴിൽ അവകാശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകരുതെന്ന് മന്ത്രി നിർദേശിച്ചതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും , നിയമം ലംഘിച്ചും ഉൾപ്പടെ കുവൈത്തിൽ തങ്ങുന്ന അനധികൃത താമസ – കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.

താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് തങ്ങിയവരെ അതാത് രാജ്യത്തേക്ക് തിരികെ അയക്കാനും നടപടി തുടങ്ങി. റെസിഡൻസ് ആൻഡ് വർക്ക് ലോയുടെ ആർട്ടിക്കിൽ 20ന്റെ ലംഘനം ഉള്ള കേസുകളിൽ ആണ് നടപടി. നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനിടെ കുവൈത്തിൽ ചൂട് കനക്കുകയാണ്. ഇന്ന് 50 ഡിഗ്രിക്കും മുകളിലെത്തി. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഓൺലൈൻ ബൈക്ക് ഡെലിവറി നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *