Your Image Description Your Image Description

മുംബൈ: ഐസ്ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണസംഘം. എങ്ങനെയാണ് സംഭവമെന്നും ആരുടേതാണ് വിരലെന്നും അന്വേഷണസംഘം കണ്ടെത്തി. മുബൈയില്‍ ഐസ്ക്രീമില്‍ മനുഷ്യവിരലിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം വലിയ വാ‍ര്‍ത്തയായിരുന്നു. ഈ സംഭവത്തിലാണ് ഒടുവിൽ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഐസ്ക്രീം കമ്പനിയുടെ പുനൈ ഫാക്ടറിയിലെ ജീവനക്കാരന് അപകടത്തില്‍ വിരലുകള്‍ക്ക് പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരന്‍റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണസംഘം പരിശോധനക്കായി അയച്ചു. ഫലം വന്നശേഷം വിരൽ ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ കമ്പനിക്കെതിരെ പുതിയ കേസെടുക്കും.

ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. ഡോക്ടർക്കായി സഹോദരി ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നാണ് വിരലിന്‍റെ ഭാഗം ലഭിച്ചത്. മൂന്ന് കോൺ ഐസ്ക്രീമാണ് ഓർഡർ ചെയ്തത്. ബട്ടർ സ്കോച്ച് ഐസ്ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായിൽ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ ഫോറൻസിക് റിപ്പോർട്ടും ഡിഎൻഎ ഫലവും ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *