Your Image Description Your Image Description

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തി. പ്രാമി ശ്രീധർ എന്ന യുവതിയാണ് ഇതുസംബന്ധിച്ച പരാതിയുമായി വന്നത്. ചോക്ലേറ്റ് സിറപ്പ് ബോട്ടിൽ നിന്ന് എലിയെ എടുക്കുന്ന വീഡിയോ അവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിടുകയായിരുന്നു. സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിലാണ് ചത്ത എലിയും മുടിയിഴകളും കണ്ടെത്തിയതെന്ന് പ്രാമി ശ്രീധർ വീഡിയോയിൽ പറയുന്നു.

ബ്രൗണി കേക്കുകൾക്കൊപ്പം കഴിക്കാനാണ് ഞങ്ങൾ ഹെർഷെ ചോക്ലേറ്റ് സിറപ്പ് സെപ്‌റ്റോയിൽ നിന്ന് വാങ്ങിയത്. കേക്കിന് മുകളിലേക്ക് സിറപ്പ് ഒഴിക്കാൻ തുടങ്ങിയപ്പോൾ എലിയുടെ മുടിയിഴകൾ വീഴുകയായിരുന്നു. ഇതോടെ കുപ്പി തുറന്ന് നോക്കുകയായിരുന്നു. ഡിസ്പോസിബിൾ ഗ്ലാസിലൊഴിച്ച് നോക്കിയപ്പോളാണ് കട്ടിയുള്ള വസ്തു ഗ്ലാസിലേക്ക് വീഴുന്നത്. വെള്ളത്തിൽ കഴുകി നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞാണെന്ന് മനസിലായെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രാമി ശ്രീധർ കുറിച്ചു.

ചോക്ലേറ്റ് സിറപ്പ് വീട്ടിലെ മൂന്ന് പേർ കഴിച്ചു. കഴിച്ച മൂന്ന് പേരിൽ ഒരാൾ ബോധരഹിതയായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും അവർ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നും അവർ പോസ്റ്റിൽ കുറിച്ചു.

പ്രാമിയ്ക്കുണ്ടായ സംഭവത്തിൽ ഖേദിക്കുന്നുവെന്നും സിറപ്പിൻറെ മാനുഫാക്ചറിങ് തീയതിയും കോഡും ഫോൺ നമ്പറും നൽകിയാൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്നും ഹെർഷെ പ്രമിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
സുഹൃത്തുക്കളേ, ഇനിമുതൽ ഓൺലെെനിൽ ഓർഡർ ചെയ്ത ഭക്ഷണം കുട്ടികൾക്ക് കൊടുക്കുമ്പോൾ ദയവായി പരിശോധിക്കുക. ഇത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. ഈ പ്രശ്നത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് ഉത്തരവാദിത്തമില്ലേ?.ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കണമെന്ന് ചിലർ കമന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *