Your Image Description Your Image Description

ആലപ്പുഴ: കുറുവ സംഘത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് പറയുന്നു. ശബരിമല സീസണിൽ ‌കുറുവ മോഷണ സംഘം സജീവമാകുമെന്നും ഇവരുടെ പ്രവർത്തന രീതി വ്യത്യസ്തമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

ശബരിമല തീർത്ഥാടനത്തിനായി നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പൊലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ലെന്നത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. കുറുവ സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.

കുറുവ സംഘം പകൽ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കി വയ്ക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകൾ ദുർബലമായ വീടുകളും മോഷണത്തിനായി തിരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകൾ ലക്ഷ്യംവയ്ക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി ക്യാമറകൾ മോഷണ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണ് പ്രവർത്തനം. ഇതെല്ലാം നോക്കുമ്പോൾ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. കുറുവകൾ കൂട്ടമായി വന്ന് സംഘങ്ങളായി തിരിയും. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *