Your Image Description Your Image Description

പത്തനംതിട്ട: മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. സമീപത്തെ കോൺഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം. മന്ത്രിയുടെ ഭർത്താവിനെ അളക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ. റവന്യൂ അധികൃതർ മേഖലയിലെ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.

റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭർത്താവ് അല്ലെന്നുമാണ് കോൺഗ്രസിന്റെ പ്രവർത്തകർ പറയുന്നത്. 12 മീറ്റർ വീതി ആവശ്യമായ സ്ഥലത്ത് 17 മീറ്റർ വീതിയാണ് തന്റെ കെട്ടിടത്തിന്റെ സമീപത്ത് റോഡിനുള്ളതെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയത് താനിടപെട്ടിട്ടല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.

പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ മേഖലയിലെ പുറമ്പോക്ക് റവന്യൂ അധികൃതർ അളന്നു തുടങ്ങിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പരാതിയിലാണ് അളവ് നടക്കുന്നത്. മന്ത്രിയുടെ ഭർത്താവിൻറെ കെട്ടിടത്തിന്റെ മുന്നിൽ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടർച്ചയാണ് നടപടികൾ . വാഴവിള പാലം മുതൽ കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ വരെയാണ് അളവ്.

അതേസമയം കൊടുമണ്ണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് കൈയേറി നിർമ്മിച്ചെന്നാണ് മന്ത്രി വീണാ ജോർജിന്റെയും ഭർത്താവിന്റെയും ആരോപണം. ഓടയുടെ ഗതിമാറ്റത്തിൽ ഇന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കാണും.

 

Leave a Reply

Your email address will not be published. Required fields are marked *