Your Image Description Your Image Description

 

തിരുവനന്തപുരം: ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചർച്ച. രാഹുൽ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിൻറെ മേൽവിലാസം മാറില്ലെന്നത് സർപ്രൈസായി.പ്രിയങ്ക വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾ വയനാട് ഗാന്ധി കുടുംബത്തിൻറെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. എന്നാൽ, കുടുംബ വാഴ്ചയെന്ന വിമർശനവും എതിരാളികളിൽ നിന്ന് ശക്തമാകും.

പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടർമാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടിൽ ആദ്യം രാഹുൽ ജയിച്ചപ്പോൾ 4,31000 ൽ അധികം വോട്ടിൻറെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തിൽ തന്നെയാണ്. രാഹുലിൻറെ പ്രചാരണത്തിനായി വയനാട്ടിൽ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോൾ ഒഴുകിയെത്തിയ ആൾക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയർത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നൽകുന്നത്.

മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കുറവായിരുന്നു പ്രചാരണത്തിന്. എന്നാൽ, ഇത്തവണ ആ പ്രശ്നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയുണ്ടാകുമെന്നുറപ്പ്. ആനിരാജ തന്നെ വരുമോ എന്ന് കാത്തിരിക്കണം. മണ്ഡലത്തിൽ ബിജെപി വോട്ടുവിഹിതം കൂട്ടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അതാവർത്തിക്കാൻ ആരെ നിയോഗിക്കുമെന്നതും ഇനി അറിയാനുണ്ട്. ബിജെപിക്കായി വനിതാ സ്ഥാനാർത്ഥി രംഗത്തിറങ്ങുമോയെന് ചർച്ചയും സജീവമാണ്.

അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിൻറെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. രാഹുൽ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഇറങ്ങാനുമാകും. രാഹുൽ ഗാന്ധി വയനാട്ടിൽ അപ്രതീക്ഷിത സ്ഥാനാർഥിയായിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസുകാർ ആഗ്രഹിച്ച സ്ഥാനാർഥിയാണ്. രാഹുൽ ഒഴിഞ്ഞാൽ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉൾപ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് യുഡിഎഫിൻറെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്ത്യാമുന്നണിയെ സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോൽവിയിലുണ്ടായ നിറംമങ്ങൽ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാർട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *