Your Image Description Your Image Description

 

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാ‍ർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യവുമായി പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ടായി പിള‍ർന്നപ്പോൾ രണ്ടിലയും നഷ്ടപ്പെട്ട കേരള കോൺഗ്രസ് ജോസഫിന് ലോക്സഭ തെരഞ്ഞെടുപ്പിൽ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. നെടുകെ പിളർന്ന കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പിൽ രണ്ടില വാടി ഓട്ടോറിക്ഷ ഓടിക്കയറി. അതും വമ്പൻ സ്പീഡിൽ.

തെരഞ്ഞടുപ്പിൽ വൈകി കിട്ടിയതെങ്കിലും ഓട്ടോറിക്ഷ പി ജെ ജോസഫിനും കൂട്ടർക്കും ഭാഗ്യ ചിഹ്നമാണിപ്പോൾ. എന്നാൽ പിന്നെ ഇനി അങ്ങോട്ട് ഓട്ടോറിക്ഷയിലാകാം രാഷ്ട്രീയ പോരാട്ടമെന്ന് ഉറപ്പിക്കുന്നു ജോസഫ് വിഭാഗം. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലും മറ്റൊരു അഭിപ്രായം ഉണ്ടായില്ല. ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാനായ പി ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഓട്ടോ കിട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിലിരിക്കാമെന്നും പാർട്ടി കണക്ക്കൂട്ടുന്നു.

രണ്ടിലയ്ക്ക് വേണ്ടി ജോസ് കെ.മാണിയുമായുള്ള തർക്കവും ജോസഫ് അവസാനിപ്പിക്കുകയാണ്. ഒരു എംപിയെ കൂടി കിട്ടിയതോടെ സംസ്ഥാന പാർട്ടി പദവിയും ഉറപ്പിച്ചു കേരള കോൺഗ്രസ് ജോസഫ്. പാർട്ടിയുടെ ആവശ്യം പരിഗണിച്ച് ഇനി തുടർ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവസാനം മാണി കേരള കോൺഗ്രസിൽ ലയിക്കുന്നതിന് മുമ്പ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം

Leave a Reply

Your email address will not be published. Required fields are marked *