Your Image Description Your Image Description

മുംബൈ: ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനാവുന്നതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിലും വന്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ് ടീം ഇന്ത്യയുടെ പുതിയ ഫീല്‍ഡിംഗ് പരിശീലകനായേക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റെവ്‌സ്പോര്‍ട്‌സാണ് ഇത്തരമൊരു വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്.

അതിശയിപ്പിക്കുന്ന ഫീല്‍ഡിംഗ് മികവ് കൊണ്ട് കരിയറിലുടനീളം വിസ്‌മയിപ്പിച്ച ക്രിക്കറ്ററാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സ്. 54കാരനായ ജോണ്ടി നിലവില്‍ ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ സഹപരിശീലകനാണ്. സാക്ഷാല്‍ ജോണ്ടി റോഡ്‌സ് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചായേക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. ട്വന്‍റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ മുഖ്യ പരിശീലക സ്ഥാനം ഒഴിയും. ഇതോടെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചാകും എന്ന് ഉറപ്പായിരുന്നു. താന്‍ നിര്‍ദേശിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെ കൂടെ വേണം എന്ന ആഗ്രഹം ബിസിസിഐക്ക് മുന്നില്‍ ഗംഭീര്‍ വച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ ഫീല്‍ഡിംഗ് പരിശീലകനായി ജോണ്ടിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം ഫീല്‍ഡിംഗ് പരിശീലകനാകാന്‍ ജോണ്ടി റോഡ്‌സിനെ ബിസിസിഐ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകസ്ഥാനത്തേക്ക് ജോണ്ടി റോഡ്‌സ് 2019ല്‍ അപേക്ഷിച്ചെങ്കിലും ബിസിസിഐ ആര്‍ ശ്രീധറിനെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. നിലവില്‍ ടി ദിലീപാണ് ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച്. ടീമിലെ മികച്ച ഫീല്‍ഡര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുന്ന രീതിക്ക് ദിലീപ് തുടക്കമിട്ടിരുന്നു. ദിലീപിന്‍റെ ചുമതല ബിസിസിഐ ടി20 ലോകകപ്പിന് ശേഷം നീട്ടിനല്‍കുമോ എന്ന് വ്യക്തമല്ല. ഗംഭീര്‍ മുഖ്യ പരിശീലകനാവുന്നതിനൊപ്പം ഫീല്‍ഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് കോച്ചുമാരുടെ റോളിലും മാറ്റങ്ങളുണ്ടാകുമോ എന്നതാണ് ആകാംക്ഷ. നിലവില്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രേയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *