Your Image Description Your Image Description

 

ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന ഇവിഎം ഹാക്ക് ചെയ്യാൻ പറ്റുമോ? ഇലോൺ മസ്ക് പറഞ്ഞത് പോലെ ഏത് ഇലക്ട്രോണിക് ഉപകരണത്തിലും ഒരു തിരിമറി സാധ്യത നിലനിൽക്കുന്നുണ്ട്. പക്ഷേ ഇന്ത്യൻ ഇവിഎമ്മുകൾ ഹാക്ക് ചെയ്യൽ അത്ര എളുപ്പമല്ല. വോട്ട് ചെയ്യുന്ന ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും അടക്കം രണ്ട് യൂണിറ്റുകൾ അടങ്ങുന്നതാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീൻ.

അഞ്ച് മീറ്റർ നീളമുള്ള കേബിൾ ഉപയോഗിച്ചാണ് ഈ രണ്ട് യൂണിറ്റുകളും ബന്ധിപ്പിച്ചിരിക്കുന്നത്. വിവിപാറ്റ് എന്ന രേഖപ്പെടുത്തിയ വോട്ട് പ്രിന്റ് ചെയ്ത് കാണിക്കുന്ന മെഷീൻ വന്നതിന് ശേഷം കൺട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനുമിടയിൽ അത് കൂടി സ്ഥാനം പിടിച്ചു. കൺട്രോൾ യൂണിറ്റാണ് നമ്മൾ രേഖപ്പെടുത്തുന്ന വോട്ടുകൾ സൂക്ഷിക്കുന്നത്.

സ്മാർട്ട്ഫോണുകളും കാൽക്കുലേറ്ററുമായി ഇവിഎമ്മിനെ താരതമ്യം ചെയ്താൽ ഇന്ത്യൻ ഇവിഎം കാൽക്കുലേറ്ററിന് സമാനമാണെന്ന് പറയേണ്ടി വരും. സ്മാർട്ട്ഫോണിൽ ഇന്റർനെറ്റ് കിട്ടും, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. വൈഫൈയും ബ്ലൂട്ടുത്തുമൊക്കെ കിട്ടും. പക്ഷേ സാധാരണ കാൽക്കുലേറ്ററിൽ ഇപ്പറഞ്ഞ ഒരു സാധനവുമില്ലല്ലോ. അത് പോലെയാണ് ഇന്ത്യൻ ഇവിഎമ്മുകൾ ഒരു തരത്തിലും ഇന്റർനെറ്റുമായി ബന്ധമില്ല, സങ്കീർണമായ സോഫ്റ്റ്‍വെയറുകളൊന്നും ഉപയോഗിക്കുന്നില്ല.

എതെങ്കിലും റേഡിയോ തരംഗങ്ങൾ സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്ന ഒരു ഭാഗവും ഈ മെഷീനുകളിലില്ല. അതായത് ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ച് ഒരു തരത്തിലും നമ്മുടെ വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെടാൻ പറ്റില്ല. ആ വഴിക്കുള്ള ഒരു തിരിമറിയും അത് കൊണ്ട് നടക്കില്ല. കൺട്രോൾ യൂണിറ്റിൽ നിർമ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാദ്ധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടാണ്.

ബാലറ്റ് യൂണിറ്റിനെ കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളിൽ മാറ്റം വരുത്തുകയാണ് ഒരു സാധ്യത. അതിന് സാധിച്ചാൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. പക്ഷേ അത് കൊണ്ടും കാര്യമില്ല. ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാർത്ഥികളെ വോട്ടിങ്ങ് മെഷീനിൽ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങൾക്ക് മുമ്പും. ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമനമ്പറിൽ വരില്ല.

വോട്ടിംഗ് മെഷീനിൻറെ മെമ്മറിയിൽ സ്ഥാനാർത്ഥിയുടെ പേരോ പാർട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല. കൺട്രോൾ മെഷീനിൽ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാർത്ഥി, രണ്ടാം സ്ഥാനാർത്ഥി എന്നതിനപ്പുറം ഒരു വിവരവും വോട്ടിങ്ങ് മെഷീനിനകത്ത് രേഖപ്പെടുത്താൻ കഴിയില്ല. അതിനാൽ തന്നെ ഒരു ക്രമനമ്പറിന് കൂടുതൽ വോട്ട് കിട്ടുന്ന തരത്തിൽ എന്തെങ്കിലും മാറ്റം മുൻകൂട്ടി മെഷീനിൽ വരുത്തിയത് കൊണ്ട് കാര്യമില്ല.

വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പഠനം

ഇവിഎമ്മുകളിൽ നടത്താവുന്ന തട്ടിപ്പുകളെ പറ്റി മിഷിഗൻ യൂണിവേഴ്സിറ്റിയിലെ അലക്സ് ഹാൾഡെർമാൻ, ഹൈദരാബാദ് ആസ്ഥാനമായ നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഹരി കെ പ്രസാദ് എന്നിവർ ചേർന്ന് ഒരു പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന് തന്നെയായിരുന്നു ഇവരുടെ കണ്ടെത്തൽ. കൺട്രോൾ യൂണിറ്റിലെ പ്രോഗ്രാമിൽ തിരിമറി നടത്തുക. പുതിയ മെമ്മറി ചിപ്പോ സിപിയുവോ ഘടിപ്പിക്കുക, ബ്ലൂടുത്ത് വഴി നിയന്ത്രിക്കാവുന്ന ഒരു ഫാൾസ് ഡിസ്പ്ലേ ഘടിപ്പിക്കുക എന്നീ സാധ്യതകൾ ഉണ്ടെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഇവരുടെ റിപ്പോർട്ട് ഇവിടെ വായിക്കാം.

പക്ഷേ തെരഞ്ഞെടുപ്പ് മുഴുവൻ അട്ടിമറിക്കണമെങ്കിൽ തന്നെ ഏകദേശം പതിമൂന്ന് ലക്ഷം ഇവിഎമ്മുകളിൽ കൃത്രിമം നടത്തേണ്ടതുണ്ട്. ഏത് മെഷീൻ എതു ബൂത്തിൽ ഉപയോഗിക്കപ്പെടുമെന്നത് ആർക്കും പ്രവചിക്കാൻ പറ്റില്ല. ഇലക്ഷൻ പ്രക്രിയയ്ക്ക് അകത്ത് നിന്നുള്ള ഒരു സംഘത്തിന് മാത്രമേ കൃത്രിമം നടത്താൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു നിർണ്ണായക മണ്ഡലത്തിൽ മാത്രം തട്ടിപ്പ് കാണിക്കണമെങ്കിൽ തന്നെ ഒരു മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും തട്ടിപ്പുകാർ എത്തേണ്ടതുണ്ട്.

അല്ലെങ്കിൽ ഉള്ള മാർഗം വോട്ടിങ്ങ് മെഷീനുകൾ സൂക്ഷിച്ച് വച്ചിരിക്കുന്ന സ്ഥലത്തെത്തി മാറ്റം വരുത്തുക എന്നതാണ്. എന്നാൽ സീൽ ചെയ്ത മെഷീനുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സീൽ പൊട്ടിക്കണം. അത്തരത്തിൽ സീലിൽ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാൽ ആ മെഷീൻ കർശന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *