Your Image Description Your Image Description

 

ഇടുക്കി: ഇടുക്കി പൈനാവിൽ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരൻറെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകൾക്കും തീയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ്‌ രണ്ട് വീടുകൾക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ്‌ പറഞ്ഞു. സന്തോഷിൻറെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് സന്തോഷിന്റെ സമ്മതം ഇല്ലാതെയാണ് അയച്ചത്. ഭാര്യയെ വിദേശത്ത് അയച്ചതിൽ സന്തോഷിന് എതിർപ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായി.

അന്നക്കുട്ടി വീട്ടിൽ ഉണ്ടാകും എന്ന് കരുതിയാണ് വീട് കത്തിച്ചത്. അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്നാട്ടിലണ് സന്തോഷ് ഒളിവിൽ കഴിഞ്ഞതെന്നും ഇവിടെ നിന്നും തിരിച്ചെത്തിയാണ് വീടുകൾക്ക് തീയിട്ടതെന്നും എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ആദ്യത്തെ അക്രമണത്തിന് ശേഷം പ്രതിയെ പിടികൂടാൻ പരമാവധി ശ്രമം നടത്തിയിരുന്നു. തമിഴ് നാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഉപയോഗിക്കാത്തതിനാൽ തെരച്ചിൽ ദുഷ്‌കരം ആയിരുന്നുവെന്നും എസ് പി കൂട്ടിച്ചേർത്തു.

നേരത്തെ അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ച കേസിൽ പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് വീണ്ടും ആക്രമണ സംഭവമുണ്ടായതും തുടർന്ന് പൊലീസ് പ്രതിയെ പിടികൂടിയതും.കഴിഞ്ഞ പത്തു ദിവസമായി പൊലീസിന് കണ്ടെത്താൻ കഴിയാത്തയാളാണ് പൊലീസിനും മുന്നിലൂടെയെത്തി രണ്ടു വീടുകൾക്ക് തീയിട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ ബോഡിമെട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ജൂൺ അഞ്ചിനാണ് സന്തോഷ് ഭാര്യാ മാതാവ് അന്നക്കുട്ടിയെയും മകൻ ലിൻസിൻറെ മകൾ ലിയയെയും പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.

അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവാണ് സന്തോഷ്. ഇതിനു ശേഷം തമിഴ് നാട്ടിലേക്ക് കടന്ന സന്തോഷിനെ പത്തു ദിവസം കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സന്തോഷ് പൈനാവിലെത്തി അന്നക്കുട്ടിയും ലിൻസും താമസിച്ചിരുന്ന വീടിന് തീയിട്ടത്. വീടിൻറെ ഒരു മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂർണമായും കത്തി നശിച്ചു. അന്നക്കുട്ടിയുടെ മകൻ പ്രിൻസ് താമസിച്ചിരുന്ന സമീപത്തെ മറ്റൊരു വീടിനും തീയിട്ടു. രണ്ടിടത്തും ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രണ്ടു വീട്ടിലേക്കും പന്തം കത്തിച്ച് ഇടുകയായിരുന്നു.

ഇതിന് ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോഡിമെട്ട് ചെക്കു പോസ്റ്റിൽ വച്ച് പിടിയിലായത്. വിദേശത്തുള്ള ഭാര്യ പ്രിൻസിയെ തിരികെ വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് അന്നക്കുട്ടിയെയും കൊച്ചു മകളെയും സന്തോഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സന്തോഷിനെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *