Your Image Description Your Image Description

 

കൊച്ചി: ബാങ്കിങ് സേവനങ്ങളിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻഫോസിസ് ഫിനാക്കിളിന്റെ ഇന്നവേഷൻ അവാർഡ് ലഭിച്ചു. നൂതന ബിസിനസ് മോഡലുകൾ, കോർപ്പറേറ്റ് ബാങ്കിങ് മേഖലയിലെ നവീകരണം, പരിസ്ഥിതി സൗഹാർദ്ദ നയങ്ങളിലെ കാലോചിതമായ മാറ്റങ്ങൾ, ശക്തമായ ഉപഭോക്തൃ ബന്ധം എന്നീ മേഖലകളിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹമായത്. നൂതന ബിസിനസ് മോഡൽ വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ സംരംഭമായ എസ്ഐബി ഇ-ഡയറക്റ്റിന് പ്ലാറ്റിനം അവാർഡ് ലഭിച്ചു. കച്ചവടക്കാർക്കും ബിസിനസ് സംരംഭകർക്കും ഇടപാടുകൾ നടത്താവുന്ന എസ്ഐബി ടിഎഫ് ഓൺലൈൻ പ്ലാറ്റ്‌ഫോമിനും എംഎസ്എംഇ വെബ് പോർട്ടലിനും കോർപ്പറേറ്റ് ബാങ്കിങ് മേഖലയിലെ നവീകരണം എന്ന വിഭാഗത്തിൽ സുവർണ്ണ സ്ഥാനം കരസ്ഥമാക്കി. പരിസ്ഥിതി സൗഹാർദ്ദ സംരംഭത്തിന് വേഗത്തിൽ അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ (ക്വിക്ക് പേഴ്‌സണൽ ലോൺ), ബാങ്കിങ് ഇതര സ്ഥാപനങ്ങളുമായുള്ള വായ്പ പങ്കാളിത്തം (കോ ലെൻഡിങ്), പരമാവധി ഇടപാടുകാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് ബാങ്കിങ് സേവനങ്ങൾ എന്നീ വിഭാഗങ്ങൾക്കും അവാർഡ് ലഭിച്ചിട്ടുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങളിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. “ഇടപാടുകാർക്ക് നൂതന ബാങ്കിങ് സേവനങ്ങൾ നൽകുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എന്നും മുന്നിലാണ്. കേവലം സാങ്കേതിക വിദ്യയെ ബാങ്കിങ് രംഗത്ത് ഉപയോഗപ്പെടുത്തുക മാത്രമല്ല, ഇടപാടുകാർക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നത്.”- അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ബാങ്കിങ് രംഗത്തെ പ്രമുഖർ പങ്കെടുത്ത അവാർഡ് ദാന ചടങ്ങിൽ ബാങ്കിങ് മേഖലയുടെ സമൂലമായ മാറ്റം ഉൾക്കൊള്ളുന്ന നൂതന ആശയങ്ങളെക്കുറിച്ച്‌ ചർച്ചകൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *