Your Image Description Your Image Description

 

കാസർഗോഡ്: ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയ സംഭവത്തിൽ പരാതിക്കാരനെ തന്നെ പൊലീസ് സംശയിച്ചതോടെ പ്രതികളെ തേടിയിറങ്ങി വിജയിച്ച കഥയാണ് കാസർകോട്ടെ നസീറിനും അബ്ബാസിനും പറയാനുള്ളത്. മോഷണം പോയ ചെരിപ്പുകൾ കാസർകോട്ട് വഴിയോര കച്ചവടം നടത്തുമ്പോഴാണ് ഇവർ കൈയോടെ പിടികൂടിയത്.

സീതാംഗോളി കിൻഫ്ര പാർക്കിലെ ഗോഡൗണിൽ നിന്ന് ചെരിപ്പുകൾ മോഷണം പോയത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. സ്ഥാപനത്തിൻറെ പാർട്ണറായ എടനാട് കോടിമൂലയിലെ മുഹമ്മദ് നസീർ പൊലീസിൽ പരാതി നൽകി. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധർ പരിശോധനയ്ക്ക് എത്താനുള്ളതിനാൽ അകത്ത് കടക്കരുതെന്ന് പൊലീസ് നിർദേശം നൽകി. എന്നാൽ പിറ്റേദിവസം ബാക്കിയുണ്ടായിരുന്ന ചെരിപ്പുകളും ഓഫീസിലെ ലാപ്ടോപ്പും കള്ളന്മാർ കവർന്നു.

ഇതോടെ പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ. ഗൾഫിലുള്ള പാർട്ണറെ കബളിപ്പിക്കാൻ ചെയ്തതാണോ എന്നുള്ള നിഗമനത്തിലായി പൊലീസ്. പക്ഷേ എട്ട് ലക്ഷം രൂപയുടെ ചെരിപ്പ് കട്ടവരെ വെറുതെ വിടാനാകുമോ? അങ്ങനെ ബന്ധു അബ്ബാസിൻറെ സഹായത്തോടെ കള്ളന്മാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ആ ശ്രമം ഫലം കാണുകയും ചെയ്തു. കാസർകോട് കെഎസ്ആർടിസി സ്റ്റാൻറിന് അടുത്ത് വഴിയോര കച്ചവടം നടത്തുന്നവരുടെ അടുത്ത് മോഷണം പോയ ചെരിപ്പുകൾ കണ്ടെത്തി.

ബദിയടുക്ക പൊലീസ് ഈ തെരുവ് കച്ചവടക്കാരെ പിടിച്ചു. അവരിൽ നിന്ന് പ്രതിയിലേക്കും എത്തി. മഞ്ചേശ്വരം പൊസോട്ടെ ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശിയിൽ നിന്നാണ് ചെരിപ്പ് വാങ്ങിയത് എന്നാണ് ഇയാളുടെ മൊഴി. ഗോഡൗണിൽ നിന്ന് ചെരിപ്പ് കടത്തിയവരെ ഇനിയും പിടികൂടാനുണ്ട്. പ്രതിയാകാതിരിക്കാൻ കള്ളന്മാരെ പിടിക്കാൻ പരാതിക്കാർ തന്നെ നേരിട്ടിറങ്ങേണ്ടി വന്ന അവസ്ഥയായിരുന്നു ഇവിടെ. സാധനങ്ങൾ കടത്തിക്കൊണ്ട് പോയവരെ കിട്ടിയില്ലെങ്കിലും തൊണ്ടി മുതൽ കിട്ടിയ സന്തോഷത്തിലാണിവർ.

Leave a Reply

Your email address will not be published. Required fields are marked *