Your Image Description Your Image Description

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിച്ച സ്ത്രീയെ സുഹൃത്ത് കൊലപ്പെടുത്തിയത് കടക്കെണിയിൽ നിന്നും രക്ഷപെടാനുള്ള പണത്തിനായി. ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമിനെ (55) സു​ഹൃത്ത് ഗിരീഷ് കുമാർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രണ്ടുമാസം മുമ്പാണ് ​ഗിരീഷ് കുമാറും സു​​ഹൃത്ത് കദീജ എന്ന പ്രബിതയും ചേർന്ന് ജെയ്സിയെ കൊലപ്പെടുത്താൻ ​ഗൂഢാലോചന ആരംഭിച്ചത്. ഭർത്താവുമായി പിരിഞ്ഞ് തനിച്ച് താമസിക്കുന്ന ജെയ്സിക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ട്. ഇത്തരത്തിൽ കിട്ടുന്ന പണം അപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിട്ടുണ്ടാകും എന്നായിരുന്നു ഇരുവരും കണക്കുകൂട്ടിയത്.

ഈ മാസം 17നാണ് ജെയ്സി ഏബ്രഹാമിനെ കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഒരു വർഷമായി ജെയ്സി ഏബ്രഹാം ഈ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു താമസം. ഫോണിൽ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകൾ അറിയിച്ചതനുസരിച്ച് പൊലീസ് അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് കുളിമുറിയിൽ തലയടിച്ചു വീണ രീതിയിൽ ജെയ്സിയെ കണ്ടെത്തിയത്. പൊലീസ് തന്നെയാണ് ഇവരെ ആശുപത്രിലെത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് കുമാറും കദീജയും അറസ്റ്റിലാകുന്നത്.

എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഗിരീഷ് കുമാറിന്റെയും അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയാണ് കദീജ. ജെയ്സിയുമായി നേരത്തെ മുതൽ പരിചയമുള്ള ഗിരീഷ് കുമാർ അപ്പാർട്ട്മെന്റിൽ വച്ചാണ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡിലൂടെയും മറ്റും വലിയൊരു തുകയുടെ കടക്കാരനായിരുന്ന ഗിരീഷ് ബാബു. കടംവീട്ടാൻ കണ്ടെത്തിയ വഴിയായിരുന്നു ജെയ്സിയുടെ കൊലപാതകം. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും ജെയ്സിയുടെ അപാർട്ട്മെന്റിൽ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ.

ജെയ്സിയെ കൊലപ്പെടുത്താൻ കൃത്യമായ പദ്ധതികളാണ് ഇരുവരും ആസൂത്രണം ചെയ്തത്. ആരുടേയും കണ്ണിൽപ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് രണ്ടു വട്ടം ഗീരീഷ് കുമാർ ട്രയൽ നടത്തി.നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിൻ റോഡിൽ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാർ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത്. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്സി നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.

ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാർ ധരിച്ചിരുന്ന ഷർട്ട് മാറി ബാഗിൽ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ചു. ജെയ്സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ടു സ്വർണ വളകളും രണ്ടു മൊബൈൽ ഫോണുകളും കവർച്ച ചെയ്ത് ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാട് ഉള്ളതിനാൽ ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ ധാരാളം ആളുകൾ വന്നു പോകുന്നതിനാൽ സംശയം തങ്ങളിലേക്ക് വരില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചു.

സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപ്പാർട്ട്മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാൾ മറ്റൊരു ഷർട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ആദ്യ ദിവസങ്ങളിൽ തന്നെ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലായിരുന്നില്ല. എന്നാൽ തുടരന്വേഷണത്തിൽ ഗിരീഷ് കുമാറും കദീജയും കുടുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *