Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ സ്ഥാനം ഉറപ്പാക്കാൻ ഇന്ത്യ നാളെ ആതിഥേയരായ അമേരിക്കക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തിൽ അയർലൻഡിനെയും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയും തകർത്ത ഇന്ത്യക്ക് നാളെ ജയിച്ചാൽ സൂപ്പർ എട്ടിലെത്തുന്ന രണ്ടാമത്തെ ടീമാവാം. ഇന്നലെ ബംഗ്ലാദേശിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്കയാണ് സൂപ്പർ എട്ട് ഉറപ്പിച്ച ആദ്യ ടീം.

നാളെ അമേരിക്കക്കെതിരെ ഇറങ്ങുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മധ്യനിരയിൽ ശിവം ദുബെയും ഓപ്പണിംഗ് റോളിൽ വിരാട് കോലിയും നിരാശപ്പെടുത്തിയതിനാൽ നാളെ അമേരിക്കക്കെതിരെ മാറ്റങ്ങളഓടെയാവും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന.

യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോലി മൂന്നാം നമ്പറിൽ ഇറങ്ങുന്നതിനുള്ള സാധ്യകൾ ടീം മാനേജ്മെൻറ് ആലോചിക്കുന്നുണ്ട്. എന്നാൽ ബാറ്റിംഗ് ദുഷ്കരമായ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിൽ രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് കോലിയെ മാറ്റേണ്ട കാര്യമില്ലെന്ന വാദവും ശക്തമാണ്. വിരാട് കോലി ഓപ്പണർ സ്ഥാനത്ത് തുടർന്നാൽ യശസ്വി ജയ്സ്വാൾ ഒരിക്കൽ കൂടി പുറത്തിരിക്കേണ്ടിവരും. ജയ്സ്വാളിനെ ഓപ്പണിംഗിൽ ഇറക്കിയാൽ കോലി മൂന്നാമതും സൂര്യകുമാർ നാലാമതും ഇറങ്ങും. ഈ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ തിളങ്ങിയ റിഷഭ് പന്തിനെ അ‍ഞ്ചാം നമ്പറിലേക്ക് മാറ്റേണ്ടിവരുമെന്നതും ഇന്ത്യൻ ടീമിനെ ആശയക്കുഴപ്പത്തിലാക്കുന്നു.

കോലി ഓപ്പണറായി തുടരുകയും മധ്യനിരയിൽ ശിവം ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നൽകുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള മറ്റൊരു സാധ്യത. ആദ്യ രണ്ട് കളികളിലും ഓൾ റൗണ്ടറായ ശിവം ദുബെ ഒരു ഓവർ പോലും പന്തെറിഞ്ഞില്ല എന്നതിനാൽ അഞ്ചാം നമ്പറിൽ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സഞ്ജുവിനെ കളിപ്പിച്ചാൽ ബാറ്റിംഗ് ഓർഡറിൽ വലിയ മാറ്റം വരുത്തേണ്ടിവരില്ല. ആറാം നമ്പറിൽ ഹാർദ്ദികും പിന്നാലെ ജഡേജയും അക്സറും ഇറങ്ങും.

ബൗളിംഗ് നിരയിൽ കാര്യമായ പരീക്ഷണത്തിന് സാധ്യതയില്ല. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ബാറ്റിംഗ് നിരക്ക് കരുത്തുകൂട്ടാൻ അക്സർ തുടരുമ്പോൾ കുൽദീപും ചാഹലും വീണ്ടും പുറത്തിരിക്കും. പേസ് നിരയിൽ മറ്റ് സാധ്യതളൊന്നും ഇല്ലാത്തതിനാൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സഖ്യം തന്നെ തുടരാനാണ് സാധ്യത.

അമേരിക്കക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, വിരാട് കോലി/യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ/സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *