Your Image Description Your Image Description

ലാഹോര്‍: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. പാകിസ്ഥാന്‍ ടീമില്‍ എന്തൊക്കെയോ പുകയുന്നുണ്ടെന്നും ലോകകപ്പിനുശേഷം എല്ലാം തുറന്നു പറയുമെന്നും മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു.എല്ലാവരെയും കൂടെ നിര്‍ത്തുന്നയാളാകണം ടീമിന്‍റെ ക്യാപ്റ്റൻ. ക്യാപ്റ്റന് ടീമിനകത്തെ അന്തരീക്ഷം നശിപ്പിക്കാനും നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാനുമാകും. ഈ ലോകകപ്പ് ഒന്ന് കഴിയട്ടെ, ബാക്കി കാര്യങ്ങള്‍ ഞാന്‍ അപ്പോള്‍ പറയാം. ഷഹീന്‍ അഫ്രീദിയെ പിന്തുണച്ച് എന്തെങ്കിലും പറഞ്ഞാല്‍ എന്‍റെ മകളുടെ ഭര്‍ത്താവയതിനാല്‍ ഞാന്‍ പിന്തുണക്കുകയാണെന്ന് പറയും. അതുകൊണ്ട് ഇപ്പോഴൊന്നും പറയുന്നില്ലെന്നും അഫ്രീദി പറഞ്ഞു.

അഫ്രീദിയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഷഹീന്‍ അഫ്രീദിയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഷഹീന്‍ അഫ്രീദിയെ ടി20 ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഷഹീന്‍ അഫ്രീദിയെ മാറ്റി ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു.

ബാബറിന്‍റെ നേതൃത്വത്തിലുള്ള ഈ പാകിസ്ഥാന്‍ ടീമിന് സൂപ്പര്‍ 8ല്‍ എത്താൻ അര്‍ഹതയില്ലെന്ന് മുന്‍ താരം ഷൊയൈബ് അക്തര്‍ പറഞ്ഞു. ജയിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരുന്ന പാകിസ്ഥാന്‍ ടീം രാജ്യത്തെ കോടിക്കണക്കിന് ആരാധകരെയാണ് നിരാശരാക്കിയത്. ഈ ടീം സൂപ്പര്‍ എട്ടില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

അവസാന ഓവറുകളില്‍ ഏറെ ഡോട്ട്ബോളുകള്‍ കളിച്ച ഇമാദ് വാസിമാണ് പാക് തോല്‍വിക്ക് കാരണക്കാരനെന്ന് മുന്‍ നായകന്‍ ഷൊയൈബ് മാലിക് കുറ്റപ്പെടുത്തി. റണ്ണടിക്കാതെ ഡോട്ട് ബോളുകള്‍ കളിച്ച് കളിച്ച് ഇമാദ് വാസിം ടീമിനെയകെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് മാലിക് പറഞ്ഞു. പാക് ഇന്നിംഗ്സില്‍ 59 ഡോട്ട് ബോളുകളുണ്ടായിരുന്നത്. നാലോവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര 15 ഡോട്ട ബോളുകളാണ് എറിഞ്ഞത്.

പാകിസ്ഥാന് ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. ചിലപ്പോള്‍ മോശം പിച്ചുകളില്‍ നല്ല മത്സരങ്ങള്‍ സംഭവിക്കും. ഇന്നലത്തെ മത്സരം അതുപോലെ ഒന്നായിരുന്നു. ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലാതെ പോയതാണ് പാക് തോല്‍വിക്ക് കാരണമായതെന്നും വോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *