Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാൻ പതിനാലാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിലെത്തിയപ്പോൾ ആരാധകർ പ്രതീക്ഷ കൈവിട്ടതായിരുന്നു. മത്സരത്തിൻറെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് ഈ സമയം വിജയസാധ്യത പ്രവചിക്കുന്ന വിൻ പ്രഡിക്ടറിൽ സാധ്യത പ്രവചിച്ചത് ഇന്ത്യക്ക് എട്ട് ശതമാവും പാകിസ്ഥാന് 92 ശതമാനവും ആയിരുന്നു.

ആ സമയം ഏഴ് വിക്കറ്റ് കൈയിലിക്കെ 36 പന്തിൽ പാകിസ്ഥാന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റൺസ് മാത്രം. 31 റൺസുമായി മുഹമ്മദ് റിസ്‌വാൻ ക്രീസിലുണ്ടായിരുന്നു. എന്നാൽ പതിനഞ്ചാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര ആദ്യ പന്തിൽ മനോഹരമായൊരു ഇൻസ്വിംഗറിലൂടെ റിസ്‌വാൻറെ സ്റ്റംപിളക്കിയപ്പോൾ അതുവരെ മൂകമായിരുന്ന നാസൗ കൗണ്ടി സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഈ സമയം കമൻററ്റർമാർ ഇനി ആ വിൻ പ്രഡിക്ടർ ഒന്നുകൂടി കാണിക്കണമെന്ന് ബ്രോഡ്കാസ്റ്റർമാരോട് തമാശയായി പറയുകയും ചെയ്തു.

റിസ്‌‌വാൻ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ബാക്ക് ഫൂട്ടിലായതോടെ വിൻ പ്രഡിക്ടറിലും മാറ്റം വന്നു. ഇന്ത്യയുടെ സാധ്യത 16 ശതമാനമായി. പിന്നീട് പടി പടിയായി പതിനെട്ടാം ഓവറെത്തുമ്പോഴേക്കും ഇന്ത്യയുടെ സാധ്യത 42 ശതമാനാമായി. ഒടുവിൽ അർഷ്ദീപ് സിംഗിൻറെ അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണ്ടിയിരുന്ന പാകിസ്ഥാൻ ആറ് റൺസകലെ വീണപ്പോൾ കളിയുടെ ഗതി തിരിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. മത്സരത്തിനുശേഷം സ്റ്റാൻ സ്പോർട്സിൻറെ വിൻ പ്രഡിക്ടറിൻറെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി റിഷഭ് പന്ത് പങ്കുവെക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിഷഭ് പന്തിൻറെ(42) ബാറ്റിംഗ് മികവിൽ 119 റൺസടിച്ചത്. 20 ഓവർ തികച്ച് ബാറ്റ് ചെയ്യാതിരുന്ന ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായപ്പോൾ 20 ഓവറും ബാറ്റ് ചെയ്ത പാകിസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. പാക് ഇന്നിംഗ്സിന് സമാനമായിരുന്നു ഇന്ത്യയുടെ തകർച്ചയും. പന്ത്രണ്ടാം ഓവറിൽ 89-3 എന്ന സ്കോറിൽ നിന്നായിരുന്നു ഇന്ത്യ 119ന് ഓൾ ഔട്ടായത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *