Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മഴഭീഷണി. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ന്യൂയോർക്കിൽ നാളെ മഴ പെയ്യുമെന്നാണ് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പകൽ മത്സരത്തിൽ മഴ മൂലം മത്സരം വൈകാനോ തടസപ്പെടാനോ ഇടയുണ്ടെന്നുമാണ് കാലസവസ്ഥാ റിപ്പോർട്ട്.

പകൽ മത്സരമായതിനാൽ മത്സരം തടസപ്പെട്ടാലും ഓവറുകൾ വെട്ടിച്ചുരുക്കാതെ 20 ഓവർ മത്സരം തന്നെ നടക്കാനുള്ള സാധ്യതയുണ്ട്. ഇന്നലെ നെറ്റ്സില് ബാറ്റിംഗ് പരിശീലനത്തിനിടെ കൈയിലെ തള്ളവിരലിൽ പന്തുകൊണ്ട ക്യാപ്റ്റൻ രോഹിത് ശർമക്ക് പരിക്കേറ്റത് ഇന്ത്യൻ ക്യാംപിൽ ആശങ്ക ഉയർത്തിയിരുന്നു. പന്ത് കൈയിൽ കൊണ്ട ഉടൻ വേദനകൊണ്ട് പുളഞ്ഞ രോഹിത് ഗ്ലൗസൂരി ഉടൻ ചികിത്സതേടി. എന്നാൽ പ്രാഥമിക ചികിത്സ തേടിയശേഷം നെറ്റ്സിൽ രോഹിത് ബാറ്റിംഗ് തുടർന്നത് ഇന്ത്യക്ക് ആശ്വാസമായി.

ആദ്യ മത്സരത്തിൽ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ പാകിസ്ഥാന് സൂപ്പർ എട്ട് സാധ്യത നിലനിർത്താൻ ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ അയർലൻഡിനെ വീഴ്ത്തിയ ഇന്ത്യക്കാകട്ടെ നാളത്തെ മത്സരം മഴ മുടക്കിയാസലും സൂപ്പർ 8 പ്രതീക്ഷകൾക്ക് തിരിച്ചടിയാവില്ല.

ഇന്നലെ നടന്ന മത്സരത്തിൽ കാനഡ, അയർലൻഡിനെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് എയിൽ ആർക്കും സൂപ്പർ എട്ടിലെത്താൻ സാധ്യതയകളുണ്ട്. ആദ്യ രണ്ട് കളികളും തോറ്റ അയർലൻഡിന് മാത്രമാണ് സാധ്യത മങ്ങിയത്. ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളും ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ്. ഈ സ്റ്റേഡിയത്തിലെ അപ്രവചനീയ സ്വഭാവം ടോസ് നിർണായകമാക്കും. ടോസ് നേടുന്ന ടീം പീൽഡിംഗ് തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ മൂന്ന് കളികളിലും കണ്ടത്. ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തവർ ജയിച്ചപ്പോൾ ഇന്നലെ അയർലൻഡിനെതിരെ കാനഡ ആദ്യം ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *