Your Image Description Your Image Description

 

സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം കൂടിയതോടെ എപ്പോഴും ചാർജ് സൂക്ഷിക്കുകയാണ് മുന്നിലുള്ള ഒരു വെല്ലുവിളി. പെട്ടെന്ന് ചാർജ് ചെയ്യുകയാണ് ഇതിനെ മറികടക്കാൻ ഒരു പോംവഴി. ഫാസ്റ്റ് ചാർജറുകൾ വന്നതോടെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കുണ്ടായ സന്തോഷം ചില്ലറയല്ല. റിയൽമി ഫോണുകളിൽ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചാർജിംഗിൻറെ കാര്യത്തിൽ ആളുകളെ കൂടുതൽ സന്തോഷിപ്പിക്കും.

300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് ബ്രാൻഡായ റിയൽമി. റിയൽമി യൂറോപ്പ് സിഇഒയും ഗ്ലോബർ മാർക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് വോങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 300 വാട്ട്സ് ചാർജറിൻറെ പരീക്ഷണം പുരോഗമിക്കുകയാണ് എന്ന് അദേഹം പറ‌‌ഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇറങ്ങിയ റിയൽമി ജിടി നിയോ 5ലാണ് ഇപ്പോൾ കമ്പനിയുടെ ഏറ്റവും വേഗത്തിലുള്ള ചാർജിംഗ് ടെക്‌നോളജിയുള്ളത്. 240 വാട്ടിലാണ് ഇതിൻറെ ചാർജർ രൂപകൽപന ചെയ്‌തിരിക്കുന്നത്. 4600 എംഎച്ചിലുള്ള ബാറ്ററി പൂജ്യത്തിൽ നിന്ന് നൂറിലേക്ക് ഫുൾ ചാർജാവാൻ 240 വാട്ട്സ് ചാർജറിന് വെറും 10 മിനുറ്റ് സമയം മതി. 20 ശതമാനം ചാർജ് വെറും 80 സെക്കൻഡുകൾ കൊണ്ട് കൈവരിക്കും. നാല് മിനുറ്റ് കൊണ്ട് 50 ശതമാനം ചാർജ് ചെയ്യാം എന്നുമാണ് റിയൽമി ജിടി നിയോ 5ൻറെ ഫീച്ചറുകളിൽ പറയുന്നത്.

ഇതിനേക്കാൾ വേഗത്തിൽ ഫോൺ സമ്പൂർണമായി ചാർജ് ചെയ്യാൻ പാകത്തിലുള്ള 300 വാട്ട്സ് ചാർജറാണ് ഇപ്പോൾ റിയൽമി വികസിപ്പിക്കാൻ ശ്രമിക്കുന്നത്. റിയൽമിയുടെ വരും ഫോണുകളിൽ ഈ ടെക്‌നോളജി വന്നേക്കും. റിയൽമിയുടെ കടുത്ത എതിരാളികളായ ഷവോമിക്ക് ഇപ്പോൾതന്നെ 300 വാട്ട്സ് കപ്പാസിറ്റിയുള്ള ചാർജറുണ്ട്. റെഡ്‌മി നോട്ട് 12 ഡിസ്‌കവറി എഡിഷനാണിത്. അഞ്ച് മിനുറ്റിൽ കുറവ് സമയത്ത് ഈ ഫോൺ ചാർജാവും. 300 വാട്ട്സ് ചാർജിംഗ് സാങ്കേതികവിദ്യ വരുന്നതോടെ ഷവോമിക്ക് കൂടുതൽ വെല്ലുവിളിയുയർത്താം എന്ന് റിയൽമി കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *