Your Image Description Your Image Description

 

 

കൊൽക്കത്ത: ഇതിഹാസ താരം സുനിൽ ഛേത്രിക്ക് വിജയത്തോടെ വിടവാങ്ങൽ നൽകാനാവാതിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നലെ കുവൈറ്റിനെതിരെ ഗോൾരഹിത സമനിലയുമായി പിരിഞ്ഞതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മുന്നേറാമെന്ന പ്രതീക്ഷകളും മങ്ങി. ഇന്ത്യയെക്കാൾൾ(123) റാങ്കിംഗിൽ പിന്നിലുള്ള കുവൈറ്റിനെ(139) ഇന്നലെ തോൽപ്പിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിൽ ഖത്തറിനൊപ്പം സ്ഥാനം ഉറപ്പാക്കാമായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഫീൽഡ് ഗോൾ നേടാൻ കഴിയാതിരുന്ന ഇന്ത്യക്ക് ഇന്നലെ കുവൈറ്റിനെതിരെയും ഗോളടിക്കാനായില്ല.

645 മിനിറ്റ് മുമ്പാണ് ഇന്ത്യൻ മുന്നേറ്റ നിര എതിരാളികളുടെ വലയിൽ അവസാനമായി പന്തെത്തിച്ചത് എന്നറിയമ്പോൾ തന്നെ ഇന്ത്യയുടെ ഗോൾവരൾച്ച് വ്യക്തമാവും. 11ന് ദോഹയിൽ നടക്കുന്ന അവസാന മത്സരത്തിൽ കരുത്തരായ ഖത്തറിനെ തോൽപ്പിക്കുക എന്ന അസാധ്യമായ ലക്ഷ്യം മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നിലുളളത്. അതും ക്യാപ്റ്റൻ സുനിൽ ചേത്രിയില്ലാതെ.

രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഗ്രൂപ്പ് എയിൽ അഞ്ച് മത്സരങ്ങൾ വിതം പൂർത്തിയായപ്പോൾ ഖത്തറും ഇന്ത്യയും തന്നെയാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മികച്ച ഗോൾ ശരാശരിയിൽ മാത്രമാണ് ഇന്ത്യ കുവൈറ്റിനും അഫ്ഗാനിസ്ഥാനും മുന്നിലുള്ളത്. എന്നാൽ അവസാന മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് തോറ്റാൽ അതോടെ ഇന്ത്യയുടെ സാധ്യതകൾ അവസാനിക്കും. അവസാന മത്സരത്തിൽ സമനില നേടിയാലും അഫ്ഗാനിസ്ഥാൻ-കുവൈറ്റ് അവസാന മത്സരഫലം അനുസരിച്ചാകും മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യയ്ക് നേരിയ സാധ്യതയെങ്കിലും തുറക്കുക.

36 ടീമുകളുള്ള രണ്ടാം റൗണ്ടിൽ നിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ മാത്രമാണ് മൂന്നാം റൗണ്ടിലെത്തുക. മൂന്നാം റൗണ്ടിൽ ആറ് ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഹോം-എവേ അടിസ്ഥാനത്തിൽ പരസ്പരം കളിക്കുന്ന ടീമുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകൾ(ആകെ 6 ടീമുകൾ) ആകും 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.

മൂന്നാം റൗണ്ടിൽ ബാക്കിയാവുന്ന 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തിരിച്ച് നാലാം റൗണ്ട് പോരാട്ടം നടക്കും. നിഷ്പക്ഷ വേദിയിൽ പരസ്പരം മത്സരിക്കുന്ന ടീമുകളിലെ ഗ്രൂപ്പ് ചാമ്പ്യൻമാർക്കും ലോകകപ്പ് യോഗ്യത നേടാം. തോൽക്കുന്ന 9 ടീമുകൾ വീണ്ടും ഹോം എവേ അടിസ്ഥാനത്തിൽ മത്സരിപ്പിക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടം നടക്കും. ഇതിൽ ഒന്നാമത് എത്തുന്നവർക്ക് ഇൻറർ കോണ്ടിനെൻറൽ പ്ലേ ഓഫിന് യോഗ്യത നേടാം. ഇതിൽ ജയിച്ചാൽ ലോകകപ്പിൽ കളിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *