Your Image Description Your Image Description

 

ന്യൂയോർക്ക്: ഐപിഎൽ ആവേശം കൊടിയിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. എന്നാൽ കൂറ്റൻ സ്കോറുകൾ പിറന്ന ഐപിഎൽ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോ സ്കോറിംഗ് മാച്ചുകളാണ് ലോകകപ്പിലെന്നതും സ്റ്റേഡിയത്തിലെ കാണികളുടെ കുറവും അമേരിക്കയിലെ സ്റ്റേഡിയത്തിലെ പ്രവചനാതീത സ്വഭാവവുമെല്ലാം ഇത്തവണ ലോകകപ്പ് ആവേശം കുറച്ചിട്ടുണ്ട്. ഐപിഎല്ലിൽ പല മത്സരങ്ങളിലും 250ലേറെ റൺസ് പിറന്നപ്പോൾ ടി20 ലോകകപ്പിൽ 150 റൺസ് പോലും കടക്കാൻ ടീമുകൾ പാടുപെടുകയാണ്. 100 റൺസ് പിന്തുടർന്ന് ജയിക്കാൻ പോലും പല ടീമുകളും കഷ്ടപ്പെടുന്നതും ആരാധകർ കണ്ടു.

അതുകൊണ്ടുതന്നെ ഐപിഎല്ലിലെ വെടിക്കെട്ട് പ്രതീക്ഷിച്ച് ലോകകപ്പ് കാണാനിരുന്ന ആരാധകർ തുടക്കത്തിൽ നിരാശരാണെങ്കിലും ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തോടെ ലോകകപ്പ് ആവേശം കുതിച്ചുയരുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്. മത്സരങ്ങളൊന്നും ഇതുവരെ ഐപിഎൽ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും ഇത്തവണ പ്രതിഫലത്തിൻറെ കാര്യത്തിൽ ഐസിസി ഐപിഎല്ലിനോട് കിടപിടിക്കുന്നുവെന്നതാണ് കണക്കുകൾ പറയുന്നത്.

മുൻ ലോകകപ്പുകളെ അപേക്ഷിച്ച് സമ്മാനത്തുക ഇത്തവണ ഐസിസി ഇരട്ടിയോട് അടുപ്പിച്ച് ഉയർത്തിയിട്ടുണ്ട്. ലോകകപ്പിൽ ഇത്തവണ ആകെ 11.25 മില്യൺ ഡോളർ കോടി ഡോളർ(93.5 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നൽകാൻ പോകുന്നത്. കഴിഞ്ഞ തവണ ഇത് 5.6 ലക്ഷം ഡോളർ മാത്രമായിരുന്നു.

ലോകകപ്പ് നേടുന്ന ടീമിന് 24.5 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ഇത്തവണ സമ്മാനത്തുകയായി ലഭിക്കും. ഐപിഎൽ ജേതാക്കൾക്ക് ഈ സീസണിൽ ബിസിസിഐ നൽകിയതും 20 കോടി രൂപയാണ്. ലോകകപ്പിലെ റണ്ണറപ്പുകൾക്ക് 12.8 ലക്ഷം ഡോളർ(10.6 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഐപിഎൽ റണ്ണറപ്പുകൾക്ക് 13 കോടിക്ക് അടുത്തായിരുന്നു സമ്മാനത്തുകയായി ബിസിസിഐ നൽകിയത്.

ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 7.87,500 ഡോളർ ഏകദേശം(6.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിൽ ജയിക്കുന്ന ഓരോ മത്സരത്തിനും ഏകദേശം 26 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങും. 20 ടീമുകൾ മത്സരിക്കുന്ന ടൂർണമെൻറിൽ ആകെ 55 മത്സരങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *