Your Image Description Your Image Description

കാസർകോട്: കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി അടക്കം രണ്ട് പേർ പിടിയിലായി. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത് കഴിഞ്ഞ മാസം 13 നായിരുന്നു. ബാങ്ക് സെക്രട്ടറി കര്‍മ്മംതൊടി സ്വദേശി കെ. രതീശന്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ് ജില്ലാ ക്രൈം ബ്രാ‍ഞ്ചാണ് അന്വേഷിക്കുന്നത് . എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി രതീശനെ പിടികൂടാനായിരുന്നില്ല.

റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇയാളുടെ മൂന്ന് പങ്കാളികളെ ആദൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബേക്കല്‍ ഡിവൈഎസ്പി, ജയന്‍ ഡൊമിനിക്കിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു. രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂര‍്, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. ഒളിവിലുള്ള മുഖ്യപ്രതി പലപ്പോഴായി വാട്സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടുന്നുണ്ട്. എന്നിട്ടും പ്രതിയെ പിടികൂടാത്തത് രാഷ്ടീയ ബന്ധം മൂലമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *