Your Image Description Your Image Description

 

ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോൺഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീൻ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷം ഇടതു പാളയത്തിൽ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി. ഇടതുകോട്ടയായ ഉടുമ്പഞ്ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാർത്ഥത്തിൽ ഉണ്ടായത് യു ഡി എഫ് തേരോട്ടമായിരുന്നു. സി പി എമ്മിലെ ജോയ്‌സ് ജോർജുമായി മൂന്നാമങ്കത്തിനിറങ്ങിയ ഡീൻ കുര്യാക്കോസിന് ഇത് തുടർച്ചയായ രണ്ടാം ജയമാണ്.

2019ൽ 171053 വോട്ടായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. ഡീൻ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്സ് ജോർജിന് 2,98,645 വോട്ടുമാണ് അന്ന് ലഭിച്ചത്. എൻഡിഎയുടെ സംഗീത വിശ്വനാഥൻ നേടിയത് 91,323 വോട്ട്. എന്നാൽ ഇത്തവണ ഡീനിൻറെ ലീഡ് കഴിഞ്ഞ തവണത്തേക്കാൾ 12675 വോട്ടാണ്.

എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം

നിയോജക മണ്ഡലത്തിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം.33620. ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലർത്തിയ ഉടുമ്പഞ്ചോലയിൽ യുഡിഎഫ് 6760 വോട്ടിന് മുന്നിലെത്തി. മുവാറ്റുപുഴയിൽ 27,620, കോതമംഗലത്ത് 20,481, ദേവികുളത്ത് 12437, ഇടുക്കിയിൽ 15,595, പീരുമേട്ടിൽ 14,641 എന്നിങ്ങനെയാണ് യു ഡി എഫ് ഭൂരിപക്ഷം. നോട്ടക്ക് 9519 വോട്ട് ലഭിച്ചു. 9372 തപാൽ വോട്ടുകളിൽ 2573 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ നേടി.

പോളിംഗിലെ കുറവും ഗുണം ചെയ്തില്ല

1977ൽ ഇടുക്കി ലോകസഭാ മണ്ഡലം രൂപീകൃതമായതിന് ശേഷമുളള രണ്ടാമത്തെ കുറഞ്ഞ പോളിംഗ് ശതമാനം ഇക്കുറിയുണ്ടായത് എൽ ഡി എഫിന് പ്രതീക്ഷ പകർന്നിരുന്നു. 66.55 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 1251189 വോട്ടർമാരുളള മണ്ഡലത്തിൽ തപാൽ- സർവീസ് വോട്ട് അടക്കം രേഖപ്പെടുത്തിയത് 841286 മാത്രം. 2019ലെ 76.36 ശതമാനത്തേക്കാൾ 9.81 ശതമാനത്തിന്റെ കുറവ്. എന്നാൽ ഭരണ വിരുദ്ധ വികാരത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ഭൂ പ്രശ്നങ്ങളും വന്യജീവി അക്രമണവും സജീവ ചർച്ചയായ തിരഞ്ഞെടുപ്പിൽ ഇടുക്കി യു ഡി എഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കി ലോകസഭ മണ്ഡലത്തിൽ എൽ ഡി എഫിന് 33746 വോട്ടിന്റെ മേൽക്കൈയുണ്ടായിരിക്കെയാണ് ഈ തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *