Your Image Description Your Image Description

 

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി.

കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് 2019-ൽ ലഭിച്ചതിനെക്കാൾ നാൽപ്പതിനായിരത്തിൽ അധികം ഉയർന്ന ഭൂരിപക്ഷത്തിൽ ഉണ്ണിത്താന് വിജയിച്ച് കയറാൻ സഹായിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ 4,35,861 വോട്ടുകൾ നേടിയപ്പോൾ മുഖ്യ എതിരാളിയായ എൽ.ഡി.എഫ്. സ്ഥാനാർഥിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറിയുമായി എം.വി. ബാലകൃഷ്ണൻ 3,50,744 വോട്ടുകളാണ് നേടിയത്. എൻ.ഡി.എ. സ്ഥാനാർഥിയായ എം.എൽ. അശ്വിനി 1,97,975 വോട്ടുകളും നേടി.

മുന്നണി സംവിധാനത്തെ ഏകോപിപ്പിച്ച ചിട്ടയായ പ്രചരണം കാഴ്ചവെച്ചതാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തലുകൾ. 35 വർഷത്തെ ഇടത് മേൽകോയ്മ തകർത്താണ് 2019-ൽ രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളമുണ്ടായിരുന്നു യു.ഡി.എഫ്. തരംഗത്തിലും പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാലത്തിലുണ്ടായ ഇടത് വിരുദ്ധതയുമാണ് 2019-ലെ വിജയത്തിന് വഴിവെച്ചതെന്നായിരുന്നു വിലയിരുത്തലുകൾ.

2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ഇടത് പാളയത്തിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിൽ മുൻവർഷത്തെക്കാൾ ഇരട്ടി നേട്ടമാണ് യു.ഡി.എഫിന് നൽകിയത്. 2019-ലെ തിരഞ്ഞെടുപ്പിൽ 85.83% പോൾ ചെയ്ത പയ്യന്നൂർ മണ്ഡലത്തിൽ ഇക്കുറി 76.24 ശതമാനമാണ് വോട്ടുനില. തൃക്കരിപ്പൂരിൽ 83.12 ശതമാനവും കല്യാശ്ശേരിയിൽ 82.32 ശതമാനവും പേർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ തൃക്കരിപ്പൂരിൽ 76.24, കല്യാശ്ശേരിയിൽ 76.56 ശതമാനമായി. കാഞ്ഞങ്ങാട്ട് 2019-ൽ 81.01 ശതമാനം പേർ പോൾ ചെയ്തിടത്ത് 73.32 ശതമാനം പേർ മാത്രമാണ് പോൾ ചെയ്തത്. ഉദുമയിൽ കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചു ശതമാനത്തിന്റെ കുറവ്.

Leave a Reply

Your email address will not be published. Required fields are marked *