Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരവേദിയിൽ കോച്ച് രാഹുൽ ദ്രാവിഡിനും താരങ്ങൾക്കും ആശങ്ക.ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മൂന്ന് മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ നാസൗ സ്റ്റേഡിയത്തെക്കുറിച്ചാണ് ടീം ഇന്ത്യയുടെ ആശങ്ക. ബുധനാഴ്ച അർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലുണ്ടെന്ന് ദ്രാവിഡ് തന്നെ പറയുന്ന വേദിയിലാണ് ഇന്ത്യക്ക് അയർലൻഡ്, പാകിസ്ഥാൻ, അമേരിക്ക എന്നിവരെ നേരിടാനുള്ളത്. ജൂൺ 5,9,12 തീയതികളിലാണ് ന്യൂയോർക്കിൽ ഇന്ത്യയുടെ മത്സരങ്ങൾ. കൂടുതൽ മാർദ്ദവമുള്ള സ്പോഞ്ച് സ്വഭാവമുള്ള ഔട്ട് ഫീൽഡാണ് നാസൗ സ്റ്റേഡിയത്തിലുള്ളത്. ഇത് കളിക്കാർ തെന്നിവീഴുന്നതിനും പേശീവലിവുണ്ടാകുന്നതിനുമുള്ള സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.

ഔട്ട് ഫീൽഡിൻറെ പ്രത്യേകത കാരണം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ കളിക്കാർ കരുതലോടെയാണ് കളിച്ചതെന്ന് അതാണ് ശ്രദ്ധിക്കേണ്ട കാര്യമെന്നും കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 182 റൺസ് ഈ ഗ്രൗണ്ടിലെ മികച്ച സ്കോറായിരുന്നുവെന്നും ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും ദ്രാവിഡ് വ്യക്തമാക്കി. സ്റ്റേഡിയത്തിലേത് ‍ഡ്രോപ്പ് ഇൻ പിച്ചാണ് എന്നതും ടീമുകൾക്ക് വെല്ലുവിളായകുമെന്നാണ് കരുതുന്നത്. ഡ്രോപ്പ് ഇൻ പിച്ചുകളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനാവില്ലെന്നതും വെല്ലുവിളിയാണ്.

മണലിലാണ് ഔട്ട് ഫീൽഡ് തയാറാക്കിയിരിക്കുന്നത് എന്നതിനാൽ പന്തെറിയുമ്പോൾ ശരിയായ താളം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് ബംഗ്ലാദേശിനെതിരായ സന്നാഹത്തിൽ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങിയ അർഷ്ദീപ് സിംഗും വ്യക്തമാക്കി. സന്നാഹമത്സരത്തിൽ ഇന്ത്യ 60 റൺസിനാണ് ബംഗ്ലാദേശിനെ തോൽപിച്ചത്. വെല്ലുവിളിയാണെങ്കിലും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ കഴിയും എന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ഫ്ലോറിഡയിൽ പതിനഞ്ചിന് കാനഡയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *