Your Image Description Your Image Description
Your Image Alt Text

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
തദ്ദേശസമേതം – കുട്ടികളുടെ പാർലിമെന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് ഗ്രാമ – നഗരസഭാതലങ്ങളിൽ കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിക്കുക.

86 ഗ്രാമപഞ്ചായത്തുകൾ, 7 നഗരസഭകൾ എന്നിവിടങ്ങളിലും കോർപ്പറേഷന് കീഴിൽ 2 പാർലിമെന്റുകളുമാണ് നടക്കുക. ജില്ലയിൽ ആകെ 95 പാർലിമെന്റുകൾ സംഘടിപ്പിക്കും. ആസൂത്രണ പ്രക്രിയയിൽ കുട്ടികളെക്കൂടി പങ്കാളികളക്കാനുള്ള വിപുലമായ ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
നിലവിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആസൂത്രണ സമിതി, വർക്കിങ് ഗ്രൂപ്പ്‌ യോഗങ്ങൾ നടക്കുകയാണ്. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് പങ്കാളിത്തമൊന്നുമില്ല.

എന്നാൽ ഇത്തവണ കുട്ടികൾ തങ്ങളുടെ അവകാശങ്ങൾ, കടമകൾ, പ്രശ്നങ്ങൾ, പരിഹാരനിർദേശങ്ങൾ എന്നിവ കുട്ടികളുടെ പാർലിമെന്റിലൂടെ അവതരിപ്പിക്കും. ഉന്നയിക്കപ്പെടുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ഗ്രാമ-നഗരസഭാ ആസൂത്രണ സമിതികൾക്കും പ്രധാനപ്പെട്ടവ ജില്ലാ ആസൂത്രണ സമിതിക്കും കൈമാറും. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻമാർക്കും ചുമതലക്കാരായ അധ്യാപകർക്കുമുള്ള പരിശീലനവും നടന്നു.

കിലയിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ലിനി ഷാജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി മദനമോഹനൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എസ് ബസന്ത്ലാൽ, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, സമേതം അസി. കോർഡിനേറ്റർ വി മനോജ്‌, കില ഫാക്കൽറ്റി എം രേണുകുമാർ, തദ്ദേശ സമേതം കോർഡിനേറ്റർ ടി എസ് സജീവൻ, വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എ മറിയം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *