Your Image Description Your Image Description

 

 

ഇടുക്കി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കളക്ടർ ഉത്തരവിട്ടു. കനത്ത മഴയിൽ കാലവർഷ കെടുതികൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഷിബാ ജോർജ് അറിയിച്ചു.

തൊടുപുഴ -പുളിയൻമല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കളക്ടർ ആവശ്യപ്പെട്ടു. കനത്ത നീരൊഴുക്കിനെ തുടർന്ന് മലങ്കര ഡാമിലെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. തൊടുപുഴ ഉടുമ്പന്നൂരിലുള്ള ഐഎംഡിയുടെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനിൽ നാലു മണിക്കൂറിനിടെ 232.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. എട്ടു മണിയോടെ മഴ കുറഞ്ഞു.

കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

ഇടുക്കി: തൊടുപുഴ – പുളിയൻമല റോഡിലൂടെ പോയ കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു. കുളമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിപ്പലങ്ങാട് ഷാപ്പ് ഭാഗത്തായിരുന്നു സംഭവം. വാഹനത്തിലുള്ളവരെ പുറത്തെടുത്തു. കുളമാവ് ഗ്രീൻ ബർഗ്ഗ് ഭാഗത്ത് മരവും മണ്ണും വീണ് റോഡ് ബ്ലോക്കാണ്. ആളപായം ഇല്ലെന്ന് അധികൃതർ അറിയിച്ചു. കരിപ്പിലങ്ങാട് വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ അകപ്പെട്ട 33 കാരിയെ ഫയർ ഫോഴ്‌സെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പരുക്ക് ഗുരുതരമല്ല.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വെള്ളിയാംമറ്റം വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തര സാഹചര്യത്തിൽ ആരംഭിച്ചു. പന്നിമറ്റം സെന്റ് ജോസഫ് എൽപിഎസ് രണ്ടു കുടുംബങ്ങളിലായി നാലുപേരാണ് കഴിയുന്നത്. വെള്ളിയാമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നു കുടുംബങ്ങളിലായി ഒൻപത് പേരാണ് കഴിയുന്നത്.

കോട്ടയത്തും ശക്തമായ മഴ

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് തുടരുന്നത്. മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിന് സമീപം വെള്ളം കയറി. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *