Your Image Description Your Image Description

ഹൈദരാബാദ്: ബിആര്‍എസ് നേതാവ് കെ കവിത തന്റെ പിതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന് എഴുതിയതെന്ന പേരിലുള്ള കത്ത് ചര്‍ച്ചയാകുന്നു. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി യോഗത്തില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമര്‍ശിച്ചു കൊണ്ടുള്ളതാണ് കത്ത്. ഏപ്രില്‍ 27-ന് വാറംഗലില്‍ നടന്ന ബിആര്‍എസ് സില്‍വര്‍ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്.

‘താങ്കള്‍ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോള്‍, ഭാവിയില്‍ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലര്‍ ഊഹിക്കാന്‍ തുടങ്ങി. നിങ്ങള്‍ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങള്‍ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു’.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം, പട്ടികജാതി വിഭാഗ വര്‍ഗ്ഗീകരണം, വഖഫ് ഭേദഗതി നിയമം തുടങ്ങി നിരവധി വിഷയങ്ങളില്‍ തന്റെ പിതാവ് പുലര്‍ത്തിയ മൗനം പ്രതികൂലമായ പ്രതികരണങ്ങള്‍ക്ക് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘ഓപ്പറേഷന്‍ കാഗര്‍’ വിഷയത്തില്‍ കെസിആറിന്റെ ശക്തമായ നിലപാടിനെ അവര്‍ അംഗീകരിക്കുകയും പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കായി മൗനം ആചരിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. സില്‍വര്‍ ജൂബിലി യോഗത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന് കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ കത്ത് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *