Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ പാർട്ടിയിലെയും ഭരണത്തിലെയും പേരുദോഷങ്ങൾ മാറ്റാൻ സിപിഎം ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണത്തിന്റെ മുഖം മിനുക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാ​ഗമായി മന്ത്രിസഭാ പുനസംഘടന മുതൽ പദ്ധതികളുടെ പൂർത്തീകരണം വരെ വിപുലമായ പദ്ധതികളാണ് സിപിഎം അണിയറയിൽ തയ്യാറാക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പാർട്ടി ഉപയോ​ഗപ്പെടുത്തും.

രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ പേരുദോഷങ്ങളിലൊന്നാണ് മരുമകൻ ഭരണം എന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഭർത്താവ് മുഹമ്മദ് റിയാസിനെ ​പൊതുമരാമത്ത് – ടൂറിസം മന്ത്രിയാക്കി എന്നതിലുപരി മറ്റു വകുപ്പുകളുടെയും ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്ന ആക്ഷേപം വ്യാപകമായുണ്ട്. മരുമകൻ ഭരണമെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നുമുണ്ട്. നിലവിലെ സാഹചര്യത്തിൽ മൂന്നാം തവണയും ഇടതു മുന്നണി അധികാരത്തിൽ വരുമെന്ന് തന്നെയാണ് സിപിഎം കണക്കു കൂട്ടുന്നത്. അതിന് മരുമകൻ ഭരണമെന്ന ആക്ഷേപം വിലങ്ങുതടിയാകരുത് എന്നുണ്ടെങ്കിൽ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും മാറ്റാൻ താമസമരുത് എന്ന് പാർട്ടിയിൽ ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നുണ്ട്.

രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾതന്നെ ഏറ്റവുമധികം വിമർശനം ഉയർന്നത് മുഹമ്മദ് റിയാസിന് ലഭിക്കുന്ന അമിത പരി​ഗണന സംബന്ധിച്ചായിരുന്നു. പാർട്ടിയിലെ സീനിയർ നേതാവും മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ രാധാകൃഷ്ണന് മന്ത്രിസഭയിൽ ഇടംലഭിച്ചെങ്കിലും താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് നൽകിയത്. അത്തരമൊരു സാഹചര്യത്തിൽ താരതമ്യേന ജൂനിയറായ മുഹമ്മദ് റിയാസിന് സുപ്രധാന വകുപ്പുകൾ നൽകി.. ഇതിൽ പാർട്ടിയിലും പൊതുസമൂഹത്തിലും വിമർശനം ഉയരുകയും ചെയ്തിരുന്നു. ആ പരാതികൾക്കാണ് ഇപ്പോൾ സിപിഎം പരിഹാരം കാണാൻ പോകുന്നത്. ഇതിനൊപ്പം മന്ത്രി സജി ചെറിയാന്റെ കാര്യത്തിലും തീരുമാനം വേണമെന്ന അഭിപ്രായമാണ് നേതാക്കൾ ഉയർത്തുന്നത്.

മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി പാർട്ടി സംഘടനാ ‌ചുമതല നൽകാനാണ് നിലവിൽ പുരോ​ഗമിക്കുന്ന ചർച്ച. മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യം നിലനിർത്താൻ സ്പീക്കർ എഎൻ ഷംസീറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ഷംസീറിന്റെ ഒഴിവിൽ കെ കെ ശൈലജയെ സ്പീക്കറാക്കുന്നതും പാർട്ടിയുടെ പരി​ഗണനയിലുണ്ട് എന്നാണ് നേതാക്കൾ നൽകുന്ന സൂചന.

മന്ത്രി മുഹമ്മദ് റിയാസിനെ മലബാർ മേഖലയിൽ പാർട്ടി സംഘടനാ ചുമതല നൽകും. ഇതിലൂടെ മലബാറിലെ മുസ്ലീം വിഭാ​ഗത്തിൽ പാർട്ടിക്ക് സ്വാധീനമുറപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാർട്ടിയിലെ പ്രമുഖ നേതാവ് എന്ന നിലയിൽ മലബാറിൽ മുസ്ലീം ജനവിഭാ​ഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനാവശ്യമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിന്റെ ചുമതലയും റിയാസിനാകും. മരുമകൻ ഭരണമെന്ന പേരുദോഷവും ഇതോടെ ഇല്ലാതാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിൽ അനാവശ്യ പ്രസ്താവനകളിലൂടെ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത് മന്ത്രി സജി ചെറിയാനാണ്. വരുന്ന ഒരു വർഷം പാർട്ടിയേയും സർക്കാരിനെയും സംബന്ധിച്ച് നിർണായകമാണ്. ഇതിനിടെ സജി ചെറിയാൻ എന്തൊക്കെ ചൊറിയുന്ന വർത്തമാനം പറയുമെന്ന ഭയം സാക്ഷാൽ പിണറായി വിജയന് വരെയുണ്ട് എന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരം. അതിനാൽ, സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും മാറ്റി പകരം പാർട്ടി ചുമതല നൽകാൻ ആലോചിക്കുന്നത്. മധ്യതിരുവിതാംകൂറിൽ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ക്രിസ്ത്യൻ ജനവിഭാ​ഗത്തെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള ചുമതലയാകും സജി ചെറിയാന് നൽകുക. അതേസമയം, ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുമ്പോഴും അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പാർട്ടി നേതാക്കളും മാധ്യമങ്ങളും മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമാക്കുമ്പോഴും പിണറായി വിജയൻ ഈ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല.

മുൻ എംഎൽഎ എ പ്രദീപ് കുമാർ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് വീണ്ടും ചർച്ചകൾ സജീവമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കഴിയുന്നത്ര പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിന് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, സ്ത്രീകളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും സിപിഎം തുടക്കമിട്ട് കഴിഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ യൂണിറ്റുകൾ എല്ലാ ബ്രാഞ്ചുകളിലും രൂപീകരിക്കാനാണ് നീക്കം. പാർട്ടിക്ക് ശക്തി കുറഞ്ഞ പ്രദേശങ്ങളിൽ പോലും ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *