Your Image Description Your Image Description

പുണെ (മഹാരാഷ്ട്ര): തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. ഇന്ത്യ-പാക് വിഷയത്തിൽ തുർക്കി പാകിസ്താന് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ചാണ് നിലപാട്. തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം. ഇതിനു പകരമായി ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ പുണെയിലെ പഴക്കടകളിലൊന്നുംതന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയേയും പാകിസ്താനേയും പിന്തുണച്ചുകൊണ്ട് വിവിധ രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. ഈ സമയത്താണ് പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ പിന്താങ്ങുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയര്‍ന്നിരുന്നു.

എന്തായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ സമ്പത്തിലേക്ക് തങ്ങളുടെ ഭാഗത്തുനിന്നും ചെറിയതോതിലുള്ള സഹായം പോലുംവേണ്ട എന്ന ദൃഢനിശ്ചയത്തിലാണ് പുണെയിലെ പഴക്കച്ചവടക്കാര്‍. പൊതുവില്‍ ഈ സീസണില്‍ 1000 മുതല്‍ 1,200 കോടിവരെ വിറ്റുവരവ് ലഭിക്കാറുണ്ട്. ഈ ലാഭം വേണ്ട എന്നുവയ്ക്കുന്നതിലൂടെ രാജ്യത്തിനോടും സര്‍ക്കാരിനോടും പട്ടാളക്കാരോടുമുള്ള തങ്ങളുടെ പിന്തുണകൂടിയാണ് അറിയിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

തുര്‍ക്കിയില്‍ നിന്നും ഇനി ആപ്പിള്‍ വാങ്ങേണ്ടെന്നാണ് ഞങ്ങുടെ തീരുമാനം. പകരം ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഇറാനില്‍ നിന്നുമെല്ലാം ആപ്പിള്‍ കൂടുതലായി വാങ്ങാനാണ് തീരുമാനം. കച്ചവടക്കാര്‍ മാത്രമല്ല, പഴങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും ഈ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹവും പിന്തുണയും ഇങ്ങനെയും കാണിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ – അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുയോഗ് സിന്ദെ പറയുന്നു. ചന്തകളില്‍ തുര്‍ക്കി ആപ്പിളിന്റെ ആവശ്യക്കാരില്‍ 50 ശതമാനത്തോളം കുത്തനെ ഇടിവുണ്ടായതായി മറ്റ് കച്ചവടക്കാര്‍ പറയുന്നു. മൊത്തവ്യാപാരത്തില്‍ മാത്രമല്ല, ചില്ലറ വ്യാപാരത്തിലും നിരോധനം വലിയതോതില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *