Your Image Description Your Image Description

കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊച്ചി വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്‌പെക്ടർ ആയ സ്വപ്നയെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഏപ്രിൽ 30 ന് വിജിലൻസ് പിടികൂടിയത്.

ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു സ്വപ്ന കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയാക്കി. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് നിലവിൽ വിജിലൻസ് സംഘം. കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ്‌ പെർമിറ്റ്‌ രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു.

രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019 ലാണ് തൃശൂർ കോർപ്പറേഷനിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലം മാറ്റത്തിൽ 2023 ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി. സ്വപ്ന എളുപ്പത്തിൽ മേൽ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചു പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗര ഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *